ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ തിരക്കിലാണ് ഇന്ത്യ. ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ 536 എന്ന കൂറ്റന്‍ സ്കോറാണ് ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോ​ള്‍ സന്ദര്‍ശകര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 131 റണ്‍സ് മാത്രമാണ് ഇന്ന് ലങ്കയുടെ സമ്പാദ്യം. കരുണരത്നെ റണ്‍സൊന്നും എടുക്കാതെ ആദ്യമേ കൂടാരം കേറി. ധനഞ്ജയ സില്‍വ 1 റണ്‍സ് മാത്രമാണ് എടുത്തത്. 42 റണ്‍സെടുത്ത് നില്‍ക്കെ ദില്‍റുവാന്‍ പെരേരയും പുറത്തായി.

കനത്ത പൊടിപടലവും പുകമഞ്ഞും കാരണം കളി പല തവണ തടസ്സപ്പെട്ടു. തടസപ്പെട്ടു. ഉച്ചയൂണിന് ശേഷം 12.30ന് കളി ആരംഭിച്ചപ്പോഴാണ് ഫിറോസ്ഷാ കോട്‍ല മൈതാനത്ത് പൊടി വില്ലനായി എത്തിയത്.

ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജാണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് 17 മിനിറ്റ് മത്സരം നിർത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബോളറായ സുരംഗ ലക്മൽ പൊടി സഹിക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു.

ആദ്യം ലങ്കന്‍ താരങ്ങള്‍ മാസ്ക് ഉപയോഗിച്ച് കളിച്ചെങ്കിലും പിന്നീട് ഇടവേള വേണമെന്ന് ആവശ്യപ്പെട്ടു. ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ വേണ്ടിയായിരുന്നു ലങ്കന്‍ താരങ്ങളുടെ ശ്രമം. തുടര്‍ന്നുളള വിശ്രമവേളയിലാണ് കോഹ്ലി മൈതാനത്ത് മലര്‍ന്നു കിടന്നത്. രണ്ട് ദിവസം ക്രീസില്‍ നിറഞ്ഞ് കളിച്ച കോഹ്ലിയുടെ ദൃശ്യം പുറത്തുവന്നതോടെ ട്വിറ്ററില്‍ ഇത് ആഘോഷമാക്കി ആരാധകര്‍.

നേരത്തേ ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിനിടെ മഹേന്ദ്രസിംഗ് ധോണി വിശ്രമിച്ച ചിത്രത്തിനൊപ്പം ചേര്‍ത്തും ട്രോളുകള്‍ വന്നു. കൂടാതെ ബാഹുബലിയും കോഹ്ലിയുടെ കാമുകി അനുഷ്കയും വരെ ചിത്രത്തില്‍ ഇടം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ