കളിക്കളത്തിൽ പകരം വയ്ക്കാനില്ലാത്ത ബാറ്റ്സ്‌മാനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. പന്ത് മൈതാനത്തിന്റെ ഏത് ദിശയിലേക്കും പറത്താൻ തക്ക കഴിവും ശേഷിയുമുള്ള താരമാണ് കോഹ്‌ലി. മൈതാനത്തിന് പുറത്ത് തന്റെ നൃത്തം ചെയ്യാനുള്ള കഴിവും ഇന്ത്യൻ നായകൻ പുറത്തെടുത്തിരുന്നു.

സാഗരികയും സഹീർ ഖാനും നൽകിയ വിവാഹ വിരുന്നിലായിരുന്നു താരം മതിമറന്ന് നൃത്തം ചെയ്തത്. പക്ഷെ അവിടെയും നിൽക്കുന്നില്ല ഇന്ത്യൻ നായകന്റെ കഴിവുകൾ. ഇറ്റലിയിൽ നടന്ന വിവാഹചടങ്ങിന് പിന്നാലെ അനുഷ്‌ക കൂടി ഉൾപ്പെട്ട സദസിന് മുൻപിൽ വിരാട്, ഗാനം ആലപിക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ, 1964 ൽ പുറത്തിറങ്ങിയ മി.എക്സ് ഇൻ ബോംബെ എന്ന ചിത്രത്തിലെ ഗാനമാണ് ഇന്ത്യൻ നായകൻ ആലപിക്കുന്നത്.

പ്രണയ നിർഭരമായി വിരാട് പാടുന്നത്, നിറഞ്ഞ സദസ് കേൾക്കുകയാണ്. കോഹ്‌ലിക്ക് നേരെ എതിർവശത്തായാണ് സദസ്സിൽ അനുഷ്‌ക ഇരിക്കുന്നത്. വിരാട് പാടി അവസാനിപ്പിക്കുമ്പോൾ സദസ് ഒന്നടങ്കം അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം.

ഇന്നലെയാണ് ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും വിവാഹിതരായത്. ഇറ്റലിയിൽ വച്ച് നടന്ന വിവാഹച്ചടങ്ങിലേക്ക് കുടുംബാംഗങ്ങൾക്ക് മാത്രമായിരുന്നു പ്രവേശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ