ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക് പാക്കിസ്ഥാനില്‍ ഏറെ ആരാധകരുണ്ടെന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. അയല്‍രാജ്യത്ത് നിന്നും നേരത്തേ താരത്തിന് വിവാഹ അഭ്യര്‍ത്ഥനകള്‍ വരെ ലഭിച്ചിട്ടുണ്ട്. കോഹ്‌ലി അനുഷ്ക ശര്‍മ്മയെ വിവാഹം കഴിച്ചതോടെ ഇന്റര്‍നെറ്റില്‍ സമീപകാലത്ത് എങ്ങുമില്ലാത്ത വിധത്തിലാണ് വാര്‍ത്ത വൈറലായത്.

പാക്കിസ്ഥാനില്‍ നിന്നും താരത്തിന് ആശംസകള്‍ നേര്‍ന്ന് പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ താരദമ്പതികള്‍ ഹണിമൂണ്‍ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചപ്പോഴും പാക് ആരാധകര്‍ ഇത് ഏറ്റെടുത്തു. എന്നാല്‍ താരങ്ങള്‍ ഹണിമൂണ്‍ ആഘോഷിച്ചത് യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനില്‍ ആയിരുന്നു എന്നാണ് ചിലര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

ഇതോടെ ചില വിരുതന്മാര്‍ ഇതിനെ മറ്റൊരു തലത്തിലെത്തിച്ചു. ചിത്രം എടുത്ത് ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത് പാക്കിസ്ഥാനിലെ പ്രശസ്ത പ്രദേശങ്ങളുടെ പശ്ചാത്തലത്തിലാണ് വച്ചിരിക്കുന്നത്. ലാഹോറിലെ പ്രശസ്തമായ സ്മാരകങ്ങള്‍ക്ക് മുന്നിലും ഇസ്ലാമാബാദിലേയും കറാച്ചിയിലേയും പ്രശസ്തമായ ഹോട്ടലുകള്‍ക്കും കടകള്‍ക്കും മുമ്പില്‍ വരെ ട്രോളന്മാര്‍ ഇവരെ പ്രതിഷ്ഠിച്ചു.

കറാച്ചിയിലെ മസര്‍ ഇ ക്വൈദ്, ഇസ്ലാമാബാദിലെ ഫൈസല്‍ പളളി എന്നിവിടങ്ങളിലും താരദമ്പതികള്‍ സന്ദര്‍ശിച്ചു. ഫെയ്സ്ബുക്കില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ട്വിറ്ററിലേക്കും മറ്റും കടന്നുകൂടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ