ധരംശാല ഏകദിനത്തില്‍ മോശം പ്രകടനം കാഴ്ച്ച വെച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ട്വിറ്ററില്‍ പരിഹാസം. വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ ഇറങ്ങിയ ഇന്ത്യ ദയനീയമായ പ്രകടനമാണ് കാഴ്ച്ച വെച്ചത്. എന്നാല്‍ അവസാന വിക്കറ്റുകളിൽ കൂട്ടുകെട്ടുകൾ പടുത്തുയർത്തി മഹേന്ദ്ര സിംഗ് ധോണി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ നാണക്കേടില്‍ നിന്ന് കര കയറുകയായിരുന്നു.

ഒരു ഘട്ടത്തിൽ 29 ന് 7 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ അർദ്ധസെഞ്ച്വറി നേടിയ ധോണിയുടെ ഇന്നിംഗ്സാണ് 100 റൺസ് കടത്തി വിട്ടത്. ഇതോടെ ധോണിയെ പുകഴ്ത്തിയും കോഹ്ലിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയും ട്വീറ്റുകള്‍ നിറഞ്ഞു.

ഇന്ത്യ 112 റണ്ണിന് എല്ലാവരും പുറത്തായി. ധോണി 86 പന്തിൽ 65 റൺസ് നേടി പത്താമനായാണ് പുറത്തായത്. കുൽദീപ് യാദവ് നൽകിയ ശക്തമായ പിന്തുണയാണ് ഇന്ത്യൻ സ്കോറിനെ നാണക്കേടിന്റെ റെക്കോഡിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചത്. കുൽദീപ് 19 റൺസ് എടുത്തു.

തിസേര പെരേരയെ സിക്സറിന് പറത്താനുള്ള ശ്രമത്തിനിടെ ധനുഷ്‌ക ക്യാച്ചെടുത്താണ് ധോണി പുറത്തായത്. ഭുവനേശ്വർ കുമാർ ഏഴാമനായി പുറത്തായ ശേഷം കുൽദീപ് യാദവിനൊപ്പം പതിയെ ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു മുൻ നായകൻ. ഇരുവരും ചേർന്ന് ടീം സ്കോർ 70 ൽ എത്തിച്ചു. കുൽദീപ് യാദവിനെ ലങ്കൻ കീപ്പർ നിരോഷൻ ഡിക്‌വാല സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ ഇന്ത്യൻ സ്കോർ 100 കടക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു.

എന്നാൽ ഭുംറയെ ഒരറ്റത്ത് നിർത്തി 17 റൺസ് കൂട്ടിച്ചേർത്ത ധോണി പത്താമനായി മടങ്ങും മുൻപ് 25 റൺസും ടീം സ്കോറിനൊപ്പം ചേർത്തു. 10 ബൗണ്ടറികളും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്.
നേരത്തേ ടോസ് നേടിയ ലങ്കൻ നായകൻ തിസേര പെരേര ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബോളിംഗിന് അനുകൂലമായ പിച്ചിൽ തണുത്ത കാലാവസ്ഥയുടെ ആനുകൂല്യം കൂടി മുതലെടുത്ത ലങ്കൻ താരങ്ങളുടെ പന്തുകൾക്ക് മുന്നിൽ ഇന്ത്യ പതറി.

ടീം സ്കോർ ഒന്നിൽ നിൽക്കെ ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒരു റൺ കൂടി കൂട്ടിച്ചേർത്ത് ഓപ്പണറും നായകനുമായ രോഹിത് ശർമ്മയും മടങ്ങി. സുരംഗ ലക്‌മലിനായിരുന്നു വിക്കറ്റ്. പിന്നാലെ വന്ന ദിനേഷ് കാർത്തിക്കിനെയും മനീഷ് പാണ്ഡെയെയും മടക്കി ലക്‌മൽ ഇന്ത്യയുടെ നടുവൊടിച്ചു. ഭുവനേശ്വർ കുമാറിനെയും മടക്കിയ ലക്‌മൽ നാല് വിക്കറ്റുകൾ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook