കഴിഞ്ഞ ദിവസം വിവാഹിതരായ വിരാട് കോഹ്‌ലി-അനുഷ്ക ശർമ്മ ദമ്പദികൾക്ക് അപൂർവ്വ സമ്മാനവുമായി ഒരു കലാകാരൻ. ഒറീസയിലെ പുരി ബീച്ചിൽ താര ദമ്പതികളുടെ മണൽ ശിൽപ്പം തീർത്തുകൊണ്ടാണ് സുന്ദർശൻ പട്നായിക് എന്ന കലാകാരൻ ഏവരെയും ആകർഷിച്ചത്.

വിരാട് കോഹ്‌ലിയുടേയും അനുഷ്കയുടെയും രൂപം പൂഴി മണലിൽ തീർത്തത് കൂടാതെ ക്രിക്കറ്റ് ബാറ്റും ഒരു ഫിലിം റീലും ശിൽപ്പി പശ്ചാത്തലത്തിൽ നിർമ്മിച്ചു. ഇരുവരുടെയും ചിത്രത്തിന് ചുറ്റും ചുവന്ന റോസാപ്പൂക്കളും സുന്ദർശൻ സ്ഥാപിച്ചു.

ഒറീസയിലെ ഏറ്റവും തിരക്കേറിയ ബീച്ചുകളിൽ ഒന്നായ പുരിയിൽ നിർമ്മിച്ച ശിൽപ്പം കാണാൻ നിരവധിപ്പേരാണ് എത്തിയത്.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ