ക്രിക്കറ്റിൽ മാത്രമല്ല ഡാൻസിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സൂപ്പറാണ്. കോഹ്ലി ഇതിനു മുൻപ് പല തവണ ഡാൻസ് കളിച്ചിട്ടുണ്ടെങ്കിലും സഹീർ ഖാന്റെ വിവാഹ റിസപ്ഷനിൽ കളിച്ചത് കണ്ട് കാമുകി അനുഷ്ക പോലും അമ്പരന്നു. പഞ്ചാബി സ്റ്റൈലിൽ കോഹ്ലി ശരിക്കും പൊളിച്ചടുക്കി. അുഷ്കയ്ക്ക് പോലും കോഹ്ലിയുടെ നൃത്തച്ചുവടുകൾക്കൊപ്പം എത്താനായില്ല.
ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമായി മുംബൈ താജ് മഹൽ പാലസിൽ ഒരുക്കിയ വെഡ്ഡിങ് പാർട്ടിയിൽ പങ്കെടുക്കാനാണ് കോഹ്ലി കാമുകി അനുഷ്കയ്ക്ക് ഒപ്പം എത്തിയത്. ഒരേ നിറത്തിലുളള വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്. ഗ്രേ നിറത്തിലുളള സ്യൂട്ട് ആണ് കോഹ്ലി ധരിച്ചിരുന്നത്. അനുഷ്കയാവട്ട ഗ്രേയും സിൽവറും ചേർന്ന് എംബ്രോയിഡറി വർക്ക് ചെയ്ത ലഹങ്കയും. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദ്രർ സെവാഗ്, സാനിയ മിർസ, ആശിഷ് നെഹ്റ, യുവരാജ് സിങ്, ഹർഭജൻ സിങ്, അജിത് അഗാർക്കർ എന്നിവരും റിസപ്ഷനിൽ പങ്കെടുക്കാനെത്തി.
ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് ബോളിവുഡ് നടി സാഗരിക ഗഡ്കെയെ സഹീർ ഖാൻ വിവാഹം ചെയ്തത്. ഷാരൂഖ് ഖാന് നായകനായ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് സാഗരിക പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്.