‘ഒറ്റ ഓട്ടമോടി കാറി നാട്ടുകാരെ വിളിച്ചു’; മറിയത്തിന്റെ വൈറലായ പാമ്പുകഥ

ഈരാറ്റുപേട്ടയിലെ ഒരു വീട്ടില്‍ പാമ്പ് കയറിയ സംഭവത്തില്‍ അന്വേഷണ പ്രവാഹത്തിന് എളുപ്പം പരിഹാരം കണ്ട എട്ടു വയസുകാരി മറിയമാണ് ഈ വൈറല്‍ കഥയിലെ താരം

viral video, viral video in social media, snake rescue, snake rescue viral story, snake rescue viral story erattupetta, snake rescue viral story erattupetta mariyam, indian express malayalam, ie malayalam

ഒരു സംഭവം നടന്നാല്‍ സഹായിക്കാനും വിവരങ്ങളറിയാനും ആളുകള്‍ ഓടിയെത്തുന്നതു കേരളത്തില്‍ പൊതുവെ കണ്ടുവരുന്ന രീതിയാണ്. ഇന്നിപ്പോള്‍ മൊബൈല്‍ ഫോണിന്റെ കാലമായതിനാല്‍ അന്വേഷണം എളുപ്പമാകും. എന്നാല്‍ ഫോണ്‍ കോളുകള്‍ക്കു മറുപടി പറഞ്ഞ് തളരുന്ന ആളുകളുടെ കാര്യം ഓര്‍ത്തിട്ടുണ്ടോ?

ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പിലെ ഒരു വീട്ടില്‍ പാമ്പ് കയറിയ സംഭവത്തില്‍ അന്വേഷണ പ്രവാഹത്തിന് എളുപ്പം പരിഹാരം കണ്ട എട്ടു വയസുകാരി മറിയമാണ് ഈ വൈറല്‍ കഥയിലെ താരം. മറിയത്തിന്റെ വീട്ടിലാണു പാമ്പ് കയറിയത്. തങ്ങളെ ഏറെ സമയം ഭീതിയുടെ മുനയില്‍ നിര്‍ത്തിയ ‘ഭീകരന്‍’ ചേരയെ കണ്ടതു മുതല്‍ അതിനെ പിടിച്ചുകൊണ്ടുപോകുന്നതു വരെയുള്ള വിശദമായ വിവരണമാണ് ആളുകളിൽ കൗതുകം ജനിപ്പിക്കുന്ന തരത്തില്‍ മറിയം നല്‍കുന്നത്.

പാമ്പ് വിശേഷമറിയാനായി നാട്ടുകാരുടെയും ബന്ധുക്കളുടെയും ഫോണ്‍ കോളുകളുടെ ബഹളം. വിളിച്ചവരോടൊക്കെ പറഞ്ഞുമടുത്തതോടെ, സംഭവത്തിന്റെ ഗംഭീരവും സ്പഷ്ടവുമായ വിവരണം മറിയം ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. മറിയത്തിന്റെ ഉമ്മ സൈനബയുടെ ബുദ്ധിയിലാണ് ഈ ആശയം ഉദിച്ചത്. വിവരണം ഒന്നു രണ്ടു പേര്‍ക്ക് അയച്ചുകൊടുത്തു. ഇതോടെ മറിയവും പാമ്പ് കഥയും മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയായിരുന്നു.

‘ഞങ്ങടെ വീട്ടില്‍ പാമ്പുകയറിയ കഥ’ എന്നു പറഞ്ഞുകൊണ്ടാണ് മറിയം സംഭവത്തിന്റെ വിവരണം ആരംഭിക്കുന്നത്. മറിയവും ബന്ധുവായ ചിന്നുവും ‘ഇച്ചാപ്പ’യുടെ വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴായിരുന്നു സംഭവത്തിന്റെ തുടക്കം.

”കതക് തുറന്നതും ചിന്നുവാണെങ്കില്‍ ദാ എന്നതും കാറിച്ച് ഓടി. ഞാന്‍ പൂച്ചയാണെന്ന് ഓര്‍ത്ത് അകത്തുകയറിയതും ഒരു പാമ്പ്, ഒരു ചേരപ്പാമ്പ്. ഞങ്ങള്‍ക്കറിയത്തില്ലായിരുന്നു ചേരപ്പാമ്പാണെന്ന്. ഞങ്ങള്‍ കരുതി അതൊരു മൂര്‍ഖന്‍ പാമ്പാണെന്ന്. ഞങ്ങള്‍ ഒറ്റ ഓട്ടമോടി കാറി നാട്ടുകാരെ വിളിച്ചു. നാട്ടുകാർ വന്നതിനുശേഷമാണ് എന്റെ ഉമ്മയും ഉമ്മച്ചിയും ഇറങ്ങിവന്നത്. വാപ്പാനെ വിളിക്കാന്‍ നാട്ടുകാര് പറഞ്ഞു. ഞങ്ങള് പറഞ്ഞു, വാപ്പാക്ക് പല്ലീനേം പാറ്റാന്‍ കൊല്ലാന്‍ പേടിയാണ്, പിന്നെയെങ്ങനെ പാമ്പിനെ കൊല്ലും. ഓടിപ്പോയി ഇച്ചാപ്പേനെ വിളിച്ചു. ഇച്ചാപ്പ വന്ന് ചിരിച്ചോണ്ടു നിന്നതേ ഉള്ളൂ, പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലായിരുന്നു. ഉമ്മയ്ക്കാണെങ്കില്‍ ഒടുക്കത്തെ പേടി. ഉമ്മ അയല്‍പക്കത്തെ വീട്ടില്‍ പോയി ഇരുന്നു. വാപ്പ വന്ന് പാമ്പാട്ടിയെ വിളിച്ചു. പാമ്പാട്ടി കൈയുംകൊണ്ട് പിടിച്ച് ചാക്കിലോട്ട് ഇട്ട് കൊണ്ടുപോയി. അയ്യാള് കൊണ്ടുപോയത് സ്വര്‍ണക്കെട്ട് കൊണ്ടുപോകുന്നത് പോലെയായിരുന്നു, കൂളായിട്ട്. എന്റെ പൊന്നോ, ധൈര്യം,” എന്നിങ്ങനൊയാണ് മറിയത്തിന്റെ വിവരണം.

പുതുപ്പറമ്പില്‍ ഹാഫിസിന്റെയും മുസ്ലിം ഗേള്‍സ് ഹൈസ്‌ക്കൂള്‍ അധ്യാപിക സൈനബയുടെയും മകളായ മറിയം അല്‍മനാര്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Also Read: കയറില്‍ തൂങ്ങിയൊരു രക്ഷാപ്രർത്തനം, ദേഹത്ത് ചുറ്റി പാമ്പ്; തലയില്‍ കൈവച്ച് സോഷ്യല്‍ മീഡിയ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Viral video snake rescue erattupetta mariyam

Next Story
വിവാഹത്തിനും ‘വർക്ക് ഫ്രം ഹോമോ’?, വൈറലായി വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com