ആന്ധ്ര പ്രദേശിലെ കടപ്പയില്‍ കുത്തിയൊഴുകുന്ന മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ട് പേരെ അതിസാഹസികമായി രക്ഷിച്ച് പൊലിസ് ഉദ്യോഗസ്ഥരും സമീപവാസികളും. ആന്ധ്ര പ്രദേശ് പൊലീസാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
43 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രക്ഷപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ബോട്ട് നാട്ടുകാരും പൊലീസും ചേര്‍ന്ന് വടം ഉപയോഗിച്ച് കരയ്ക്കടുപ്പിക്കുന്നത് കാണാം. ബോട്ടില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരും പൊലീസ് ഉദ്യോഗസ്ഥരുമാണുള്ളത്.
ഒബുലറെഡ്ഡി പള്ളി വങ്ക ഗ്രാമത്തിൽ ആടുകളെ മേയ്ക്കുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയതെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തെക്കുറിച്ച് ആന്ധ്ര പ്രദേശ് പൊലീസ് ട്വീറ്ററിലൂടെ വിശദീകരിച്ചിട്ടുണ്ട്. ആളുകളെ രക്ഷിക്കാനുള്ള കടപ്പ പോലീസിന്റെ ശ്രമങ്ങളെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) കെ വി രാജേന്ദ്രനാഥ് റെഡ്ഡി അഭിനന്ദിച്ചു.
ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കം 20 ലക്ഷത്തിലധികം പേരെയാണ് ബാധിച്ചത്.
പ്രാഥമിക കണക്കനുസരിച്ച് 3,173.58 ഹെക്ടർ കാർഷിക വിളകളും 5,928.73 ഹെക്ടർ ഹോർട്ടികൾച്ചറൽ വിളകളും നശിച്ചതായും പിടിഐ റിപ്പോർട്ട് പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എസ്ഡിഎംഎ) കണക്കനുസരിച്ച് 1,101.32 കിലോമീറ്റർ ദൈർഘ്യത്തില്‍ റോഡുകളും തകർന്നിട്ടുണ്ട്.