പല വര്‍ണങ്ങളിലും രീതിയിലുമുള്ള മത്സ്യങ്ങളെ എല്ലാവരും കണ്ടിട്ടുണ്ടാകും. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള കാഴ്ചകള്‍ കടലിനടിയിലാണെന്ന് പലരും പറയാറുമുണ്ട്. കോഴിക്കോട് കൊയിലാണ്ടി ഹാര്ബറിലുള്ളവരെയെല്ലാം വിസ്മയിപ്പിച്ചിരിക്കുകയാണ് കടലില്‍ നിന്ന് പിടികൂടിയ ഒരു അതിഥി. പയന്തി എന്ന് പേരുള്ള മത്സ്യമായിരുന്നു ഇന്ന് ഹാര്‍ബറിലെ താരം.
പയന്തിയുടെ പ്രത്യേകതകള്‍ തന്നെയാണ് എല്ലാവരേയും വിസ്മയിപ്പിക്കാനുള്ള കാരണം. പയന്തിയുടെ ശരീരം മുഴുവന്‍ കടലിലുള്ള വിവിധ മീനുകളുടെ ചിത്രങ്ങളായിരുന്നു. വിവിധ തരത്തിലുള്ള മത്സ്യങ്ങളെ പയന്തിയുടെ ശരീരത്തില്‍ കാണാന്‍ കഴിയും. കേവലം ആകൃതി മാത്രമല്ല ഓരോ മീനുകള്‍ക്കും ഉണ്ടായിരുന്നത്.
കറുത്ത നിറത്തിലുള്ള തൊലിപ്പുറത്താണ് മത്സ്യങ്ങളെ ആലേഖനം ചെയ്തപോലെ കാണാന്‍ കഴിയുന്നത്. പതിറ്റാണ്ടുകളായി കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കുപോലും ഇത് ആദ്യ കാഴ്ചാനുഭവമായിരുന്നു എന്നാണ് വിവരം. ഹാര്‍ബറില്‍ നിന്ന് പോയ സെന്റര്‍ എന്ന് പേരുള്ള ബോട്ടുകാര്‍ക്കാണ് പയന്തിയെ ലഭിച്ചത്.
“കൊയിലാണ്ടി തീരത്തു നിന്ന് നാല് നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് പയന്തി വലയില്‍ കുടുങ്ങിയത്. മത്സ്യത്തെ കണ്ടപ്പോള്‍ കൗതുകം തോന്നി. കൂടെയുണ്ടായിരുന്നവര്‍ വീഡിയോയും പകര്‍ത്തി. വീട്ടുകാരെ കാണിക്കണമെന്ന് തോന്നിയതോടെ പയന്തിയെ വീട്ടിലുമെത്തിച്ചു,” ബോട്ടുടമകളില്‍ ഒരാളായ അഭിലാഷ് അഭിലാഷ് പറഞ്ഞു.