ജയന്റ് വീലും കൊളംബസ് സ്വിങ് പോലെയുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡുകള്‍ കാണുകള്‍ രസകരമായി തോന്നുമെങ്കിലും അവയില്‍ കയറിയവര്‍ക്കറിയാം അത്രനേരം അനുഭവിച്ച ടെന്‍ഷന്‍. ഇത്തരം റൈഡുകളില്‍ മുതിര്‍ന്നവര്‍ പോലും അതീവ പിരിമുറുക്കത്തോടെയാണു ഇരിക്കുന്നതു കാണാറുള്ളത്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ?
എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ കുട്ടി. ‘ഇതൊക്കെ എന്ത്, ബോറടിക്കുന്നു’ എന്ന മട്ടില്‍ വളരെ കൂളായാണു ആണ് കുട്ടി കൊളംബസ് സ്വിങ് റെയ്ഡില്‍ ഇരിക്കുന്നത്. പേടിയുടെ നേരിയ ഭാവം പോലും കുട്ടിയുടെ മുഖത്തില്ലെന്നതാണ് അദ്ഭുതം.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ ഏത് തീയതിയിലുള്ളതാണെന്നു വ്യക്തമല്ല. അഞ്ചോ അറോ വയസുള്ള ആണ്കുട്ടിയെയാണു വീഡിയോയില്‍ കാണുന്നത്. കുട്ടി വിരസഭാവത്തോടെ വളരെ അലസമായാണ് ഇരിക്കുന്നത്.
റൈഡിലുള്ള മറ്റ് ആളുകള്‍ പേടിച്ച് അലറിയപ്പോള്‍, കുട്ടി ബോറടിച്ച് കോട്ടുവായ ഇടുന്നതു കാണാം. റൈഡില്‍ കുട്ടിയുടെ കൂടെ മുതിര്‍ന്നവര്‍ ആരുമില്ല. സുരക്ഷാ കവചമൊന്നും ധരിപ്പിച്ചിട്ടില്ലെന്നും വീഡിയോയില്‍നിന്നു മനസിലാക്കാം.
വീഡിയോ നെറ്റിസണ്മാര്ക്കിടയില് സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. പലരും രസകരമെന്നു വിശേഷിപ്പിച്ചപ്പോള്‍, ഇത്തരം അപകടരമായ റൈഡുകളില്‍ കുട്ടികളെ ഒറ്റയ്ക്കു വിടുന്നതില്‍ നിരവധി പേര് ആശങ്കയുയര്‍ത്തി.
”ഇത് 2022-ല്‍ എനിക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നതാണ്,” ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് വീഡിയോയ്ക്കു താഴെ കുറിച്ചു. ”വളരെ മനോഹരവും രസകരവും,” എന്നാണു മറ്റൊരാള്‍ എഴുതിയത്.
വീഡിയോയില്‍ കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കമന്റ് ചെയ്തവരും കുറവല്ല. ”ഈ വീഡിയോ മനോഹരമല്ല. തമാശയല്ല. നിങ്ങള്‍ ഈ കുട്ടിക്ക് സുരക്ഷിതമല്ലാത്ത സാഹചര്യം പ്രചരിപ്പിക്കുകയാണ്. അവനെ സുരക്ഷിതമായല്ല റൈഡില്‍ ഇരുത്തിയത്. ഈ വീഡിയോയിലൂടെ നിങ്ങള്‍ അപകടകരമായ ഒരു സാഹചര്യത്തെ പ്രോത്സാഹിപ്പിക്കുകയും മാതാപിതാക്കള്‍ ചെയ്തതു ശരിയാണെന്നു കാണിക്കുകയും ചെയ്യുന്നു,” ഒരാള്‍ എഴുതി.