‘ക്ലൂക്ലൂസ് പൊടി’ എന്നാൽ എന്താണെന്ന് അറിയാമോ? പലർക്കും അറിയാൻ സാധ്യതയുണ്ടാവില്ല. എന്നാൽ ചിലർക്ക് മനസ്സിലാവും. മനസ്സിലായിട്ടില്ലെങ്കിൽ ഒരു വീഡിയോ കണ്ടാൽ മതി, ഒരു കൊച്ചു മിടുക്കൻറെ വീഡിയോ.
തന്റെ വീഡിയോയിലൂടെ ‘ക്ലൂക്ലൂസ് പൊടി’ പരിചയപ്പെടുത്തുകയാണ് ഈ മിടുക്കൻ. ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ വീഡിയോ സെലിബ്രിറ്റികളടക്കം പലരും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഗ്ലൂക്കോസ് പൗഡറിനെയാണ് കുഞ്ഞു വ്ലോഗർ ‘ക്ലൂക്ലൂസ് പൊടി’ എന്ന് വിളിക്കുന്നത്. ഗ്ലൂക്കോസ് പൗഡറിന്റെ പാക്കേജ് കൊണ്ടുവന്ന് അതിന്റെ പ്രത്യേകതകളെല്ലാം വീഡിയോയിൽ പറഞ്ഞ് തരുന്നുമുണ്ട് ഈ കൊച്ച് യൂട്യൂബർ.
എന്നാൽ തന്റെ വ്ലോഗ് പൂർത്തിയാക്കാൻ ഈ മിടുക്കന് കഴിഞ്ഞില്ല. കാരണം അതിന് മുമ്പ് തന്നെ അമ്മ വന്ന് ഷൂട്ടിങ് നിർത്തിച്ചു. അതോടെ ‘ക്ലൂക്ലൂസ് പൊടി’യുടെ കൂടുതൽ വിശേഷങ്ങളൊന്നും കേൾക്കാനാവാതെ ആ വീഡിയോ തീർന്നുപോവുകയും ചെയ്തു.
നടൻ ജയസൂര്യയടക്കം നിരവധി പേർ ഈ വീഡിയോ പങ്കുവച്ചപ്പോൾ പലരും അവയ്ക്ക് രസകരമായ കമന്റുകളുമായി എത്തി. “ക്ലൂ ക്ലൂസ് പൊടിയും ഒരു യൂട്യൂബറുടെ അന്ത്യവും,” എന്നാണ് ജയസൂര്യ പങ്കുവച്ച വീഡിയോയിൽ വന്ന കമന്റുകളിലൊന്ന്. “ഒരു യൂട്യൂബറെ മുളയിലേ നുള്ളിയ അമ്മ,” എന്നതാണ് മറ്റൊരു കമന്റ്.
“ക്ലുസ് ക്ലൂസ് പൊടിയുടെ സവിശേഷതകൾ വർണിച്ചൊണ്ട് വരുവാർന്ന്.. അമ്മ വന്നു ആ ഫ്ലോ അങ്ങ് നശിപ്പിച്ച്,” എന്നതാണ് മറ്റൊരു കമന്റ്.
വീഡിയോയിൽ അമ്മ പിറകിൽ വന്നപ്പോൾ കുട്ടിയുടെ മുഖത്ത് വന്ന എക്സ്പ്രഷനെക്കുറിച്ചും ചിലർ കമന്റ് ചെയ്തു. “അമ്മ പിറകിൽ വന്നപ്പോളുള്ള എക്സ്പ്രഷൻ പൊളിച്ചു,” എന്നാണ് അത്തരത്തിലുള്ള കമന്റുകളിലൊന്ന്.
“എന്തായാലും ഇന്ന് കുറച്ചു ക്ളൂ ക്ളൂ സ് പൊടി വാങ്ങിക്കണം,” എന്നും ചിലർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. “വയസ്സ് 40 ആയിട്ടും ഞാനിപ്പോഴും ഇവൻ പറയണ പോലെ ഗ്ലുഗ്ലുസ് പൊടി എന്നുതന്നെയാണ് പറയാറ്,” എന്ന തുറന്നു പറച്ചിലിന് വരെ ആ കമന്റ് ബോക്സ് സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.
Also Read: ‘ആണായാൽ കരയല്ലേ.. പെണ്ണായാൽ കുനിയല്ലേ’, സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനം; വീഡിയോ