ആകാശത്തൊരു സന്തോഷപ്പറക്കല്‍, അതും ചരിത്രം കുറിച്ച്.
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ 55 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു അമ്മയും മകളും വിമാനം പറപ്പിച്ചു, ക്യാപ്റ്റന്‍ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫിസര്‍ കീലി പെറ്റിറ്റുമാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. എബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദിസ് ന്യൂസാണ് ഇരുവരുടേയും വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഫ്ലൈറ്റിലെ അനൗണ്‍സ്മെന്റ് ഇത്രയധികം ഹൃദ്യമാകുന്നതും ഇതാദ്യമായിരിക്കും.
“ഇവിടെയുള്ള എല്ലാവർക്കും നന്ദി. ഇത് ഞങ്ങൾക്കും സൗത്ത് വെസ്റ്റ് എയർലൈൻസിനും വളരെ ആവേശം നല്‍കുന്ന ദിവസമാണ്, വളരെ വിശേഷപ്പെട്ട ദിവസമാണ്. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് ഡെക്കില്‍ ഒരുമിച്ച് പറക്കുന്ന ആദ്യത്തെ അമ്മയും മകളും ഞങ്ങളാണ്,” ഹോളി പറഞ്ഞു.
ആനൗണ്‍സ്മെന്റിന് ശേഷം നിറഞ്ഞ കയ്യടിയായിരുന്നു യാത്രക്കാരില്‍ നിന്ന് ഉണ്ടായത്.
ജൂലൈ 23 ന് ഡെന്‍വര്‍ മുതല്‍ സെന്റ് ലൂയിസ് വരെയായിരുന്നു യാത്ര. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നായിരുന്നു ഹോളിയുടെ പ്രതികരണം. “ആദ്യം ഞാന്‍ ഈ കരിയര്‍ കണ്ടെത്തി, അത് ഇഷ്ടപ്പെട്ടു. ഇപ്പോഴിതാ എന്റെ മക്കളില്‍ ഒരാളും അതേ പാതയില്‍, സ്വപ്നതുല്യം,” ഹോളിയെ ഉദ്ധരിച്ചുകൊണ്ട് എയര്‍ലൈന്‍ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.