കോരിച്ചൊരിയുന്ന മഴയും വെള്ളവുമൊക്കെ കുട്ടികള്‍ക്ക് സന്തോഷം നല്കുന്ന ഒന്നാണ്. പക്ഷെ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിലിറങ്ങാനുള്ള ധൈര്യം കുഞ്ഞുപാദങ്ങള്‍ക്ക് ഉണ്ടാകില്ല. അങ്ങനെ പകച്ചുനിന്ന അനിയത്തിക്കുട്ടിയെ തോളിലേറ്റി റോഡ് മുറിച്ചു കടന്ന കുഞ്ഞു ചേട്ടന്റെ വീഡിയോയാണ് നെറ്റിസണ്‍സിന്റെ സ്നേഹം നേടിയെടുത്തത്.
റോഡിലൂടെ ഒഴുകുന്ന വെള്ളം കാരണം അക്കര കടക്കാനാകാതെ നില്ക്കുന്ന സഹോദരങ്ങളെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മുതിര്‍ന്നവര്‍ അനായാസം റോഡ് മുറിച്ചുകടക്കുന്നത് ഇരുവരും നോക്കി നില്‍ക്കുന്നുമുണ്ട്. അപ്പോഴാണ് കുഞ്ഞു ചേട്ടന് സാഹസത്തിന് മുതിരുന്നത്. പെങ്ങളെ പുറത്തുകയറ്റി അക്കരയിലെത്തിക്കുന്നതിനായി കുഞ്ഞുചേട്ടന്‍ ഇരുന്നു കൊടുത്തു.
ചാടി പുറത്തുകയറിയ മിടുക്കിയേയും എടുത്ത് വെള്ളം കുറവുള്ള വശത്തു കൂടി നടന്നുകയറി ആ കുഞ്ഞു ചേട്ടന്. വെള്ളമില്ലാത്തിടത്ത് എത്തിയിട്ടും അനുജത്തിയെ താഴെയിറക്കാതെ കൊണ്ടുപോകുന്നുണ്ട് കുട്ടി. വീഡിയോയുടെ കമന്റുകളായി സ്നേഹം മാത്രമാണ് നെറ്റിസണ്‍സ് പങ്കുവച്ചിരിക്കുന്നത്. ആരെയും പില്ക്കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വീഡിയോയ്ക്ക് കഴിയും.
നിസാര്‍ ഖാന് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 15,000 ല്‍ അധികമാളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. പെങ്ങള്കുട്ടി എന്നാണ് വിഡിയോയ്ക്ക് നിസാര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്നാല്‍ കുട്ടികള്‍ എവിടെയാണെന്നും സ്ഥലമേതാണെന്നും സംബന്ധിച്ച് വ്യക്തതയില്ല.