ആലപ്പുഴ: എല്‍ഇഡി ലൈറ്റുകള്‍, പാവകള്‍, സ്പീക്കറുകള്‍, ക്യാമറ ഇതെല്ലാമുള്ളൊരു ബസ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ ടൂറിസ്റ്റ് ബസിനെക്കുറിച്ചല്ല ഈ പറയുന്നത്. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ ‘മൊഞ്ചത്തി’യെപ്പറ്റിയാണ്. ആലപ്പുഴ-കരുനാഗപ്പള്ളി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസിയെ ആളുകള്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ‘മൊഞ്ചത്തി’.
മൊഞ്ചത്തിയെ മൊഞ്ചത്തിയാക്കിയത് ദമ്പതികളായ കണ്ടക്ടര്‍ താരയും ഡ്രൈവര്‍ ഗിരിയും കൂടിയാണ്. ബസിനോടുള്ള ഇരുവരുടേയും സ്നേഹമാണ് ഇതിന് പിന്നില്‍. സ്വന്തം കീശയില്‍ നിന്ന് മുടക്കിയാണ് പാവകളും മറ്റ് അലങ്കാര വസ്തുക്കളുമെല്ലാം ഇരുവരും വാങ്ങിച്ചു വയ്ക്കുന്നത്. കെഎസ്ആര്‍ടിസിയുടെ അനുമതിയോടു കൂടിയുമാണ് മൊഞ്ചത്തിയെ ഒരുക്കിയിരിക്കുന്നത്.
രാവിലെ ഒന്നരയോടെ ഗിരിയും താരയും വീട്ടില്‍ നിന്ന് ഇറങ്ങും. സ്റ്റാന്‍ഡിലെത്തിയാല്‍ പിന്നെ മണിക്കൂറുകളെടുത്ത് ബസ് കഴുകി വൃത്തിയാക്കും. അഞ്ചരയോടെ ആദ്യ സര്‍വീസിനുള്ള സമയമാകും. അപ്പൊഴേക്കും മൊഞ്ചത്തി റെഡിയായിരിക്കും. വെറുമൊരു കെഎസ്ആര്‍ടിസി മാത്രമല്ല, മൊഞ്ചത്തിക്ക് ആരാധകരും ഏറെയാണ്.
മൊഞ്ചത്തിയെ കാത്തിരുന്ന് ഒപ്പം യാത്ര ചെയ്യുന്നവരാണ് കൂടുതല്‍ പേരും. ബസിലെ വൃത്തിയാണ് യാത്രക്കാരെ പ്രധാനമായും ആകര്‍ഷിക്കുന്നത്. സ്വകാര്യ ബസിന് സമാനമായി പാട്ടൊക്കെ കേട്ടു പോവുകയും ചെയ്യാം. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചും പാട്ടുകള്‍ വച്ചു കൊടുക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ക്യാമറയും ഉള്ളതിനാല്‍ ഒന്നുകൊണ്ടും ഭയപ്പെടുകയും വേണ്ട.
ഗിരിയും താരയും ഒന്നിച്ചതിന് പിന്നിലും കെഎസ്ആര്‍ടിസിയുടെ സാന്നിധ്യമുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു തുടങ്ങിയ ഇരുവരും 2000 മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ചില എതിര്‍പ്പുകള്‍ മൂലം വിവാഹമെന്ന സ്വപ്നം നീണ്ടു പോവുകയും ചെയ്തു. അങ്ങനെയിരിക്കെ 2007 ലാണ് ഗിരിക്ക് കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിക്കുന്നത്. പിന്നാലെ താരയ്ക്കും കെഎസ്ആര്‍ടിസിയില്‍ ജോലിയായി.
പത്ത് വര്‍ഷത്തോളം ഒരേ ബസില്‍ കണ്ടക്ടറും ഡ്രൈവറുമായി ജോലി ചെയ്തു. 2020 ഏപ്രില്‍ അഞ്ചിനായിരുന്നു ഇരുവരുടേയും വിവഹം. പ്രണയകാലത്തെ സന്തോഷത്തിന്റെ ഓര്‍മ്മകളാണ് ബസില്‍ തൂങ്ങി നില്ക്കുന്ന പാവകളും മറ്റുമെല്ലാം. ബസില്‍ കയറുന്നവര്‍ പലരും സമ്മാനമായും ചിലതൊക്കെ നല്‍കാറുണ്ടെന്നാണ് ഇരുവരും പറയുന്നത്.