അവന്‍ ഒരു ഭയങ്കര കാമുകനാണ്, അരയ്ക്ക് കീഴെ തളര്‍ന്നുപോയ സുഹൃത്തിനോട് ധൈര്യപൂര്‍വ്വം പ്രണയം തുറന്നുപറഞ്ഞ കാമുകന്‍. ആറ് വര്‍ഷക്കാലം തിരസ്കരിക്കപ്പെട്ടിട്ടും പിന്‍മാറാതെ പ്രതീക്ഷയുടെ കിരണവും കാത്തവന്‍ കഴിഞ്ഞു. പിന്നീട് കണ്ണീരണിയിക്കുന്ന പ്രണയകഥ തെല്ലൊട്ടും പതറാതെ നര്‍മ്മത്തിനിടയിലും പറഞ്ഞ് മലയാളികളെ മുഴുവനും കണ്ണീരിലാഴ്ത്തി.

കാസര്‍കോട് സ്വദേശിയായ ശ്രീജിത്ത് എന്ന പ്രവാസി യുവാവിന്റെ പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മനോരമ ഉടൻ പണം വേദിയിലാണ് ശ്രീജിത്ത് തന്റെ തീവ്രമായ പ്രണയകഥ തുറന്നുപറഞ്ഞത്. ആറു വർഷത്തോളമായി പരിചയമുള്ള പെൺകുട്ടിയെ ഇഷ്ടപ്പെട്ടിട്ടും സ്വന്തമാക്കാൻ കഴിയാത്ത നിരാശ നർമ്മത്തിൽ പൊതിഞ്ഞാണ് അവതാരകരായ രാജ് കലേഷിനോടും മാത്തുക്കുട്ടിയോടും യുവാവ് പറഞ്ഞത്.

എന്താണ് കാരണം എന്നു ചോദിച്ചപ്പോഴാണ് പൊട്ടിച്ചിരിച്ച് കൂടി നിന്ന പ്രേക്ഷകരെ മുഴുവൻ കണ്ണീരണിയിച്ചു കൊണ്ട് അവന്റെ മറുപടി വന്നത്. ‘അവൾക്ക് നടക്കാൻ കഴിയാത്തതു കൊണ്ടായിരിക്കാം. അവൾക്ക് നാല് കൊല്ലം മുമ്പ് നടന്നൊരു ശസ്ത്രക്രിയയ്ക്കു ശേഷം നടക്കാൻ കഴിയാതെ അരയ്ക്കു താഴേക്ക് തളർന്നു പോയിരിക്കുകയാണ്. പക്ഷെ എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണ്’, കൈയ്യടിയോടെയാണ് കൂടി നിന്നവര്‍ ശ്രീജിത്തിന്റെ വാക്കുകളെ സ്വീകരിച്ചത്. പിന്നീട് അവതാരകര്‍ യുവാവിന് ആശംസകളും നേര്‍ന്നാണ് യാത്രയാക്കിയത്. ഇതിനകം വൈറലായ വിഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ