ഒരാളെ പോലെ ലോകത്ത് ഏഴു പേരുണ്ടെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും സിനിമാ താരങ്ങളുടേയും ക്രിക്കറ്റ് താരങ്ങളുടേയുമൊക്കെ അപരന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന് രവിശാസ്ത്രിയുടെ അപരന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മുംബൈയില്‍ സബര്‍ബന്‍ ട്രെയിനില്‍ ഇരിക്കുന്ന മധ്യവയസ്കനാണ് രവിശാസ്ത്രിയോട് സാമ്യമുളളത്. ചിത്രം മെമെകളായും ട്രോളുകളായും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബിസിസിഐയുമൊക്കെ ട്രോളുകളില്‍ പരാമര്‍ശിക്കപ്പെട്ടു. 2019 ലോകകപ്പ് കഴിഞ്ഞതിന് ശേഷം രവിശാസ്ത്രിയുടെ അവസ്ഥ എന്ന അടിക്കുറിപ്പോടെയാണ് ഒരാള്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിസിസിഐ യാത്രാബത്ത നല്‍കാത്തത് കൊണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്ന രവിശാസ്ത്രി എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ചിത്രത്തില്‍ ഉളള രവിശാസ്ത്രിയുടെ അപരന് ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.