ഒരമ്മയുടെ നീണ്ട നാലുവർഷങ്ങളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് ഒരുക്കി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ന്യൂബോൺ ഫോട്ടോഗ്രാഫറായ സാമന്ത പാർക്കർ. സർഗാത്മകവും കൗതുകമുണർത്തുന്നതുമായ നിരവധി നവജാതശിശുക്കളുടെ ഫൊട്ടോഷൂട്ടുകൾ മുൻപുമുണ്ടായിട്ടുണ്ടെങ്കിലും അവതരണത്തിലെ വ്യത്യസ്തതയാണ് ഈ ഫൊട്ടോഷൂട്ടിനെ ശ്രദ്ധേയമാക്കുന്നത്.

ഫോട്ടോയ്ക്ക് പിന്നിലെ സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ ആരുടെയും കണ്ണുനനയിക്കുന്നതാണ്. സിറിഞ്ചുകൾ കൊണ്ട് തീർത്ത ഹൃദയത്തിന് നടുവിൽ മഴവിൽ ഉടുപ്പണിഞ്ഞ് ഉറങ്ങുകയാണ് രണ്ടാഴ്ച പ്രായമുള്ള ‘ലണ്ടൻ ഓനെയിൽ’ എന്ന മാലാഖകുഞ്ഞ്. 1616 സിറിഞ്ചുകളാണ് കുഞ്ഞിനു ചുറ്റും ഭംഗിയായി അടുക്കിവെച്ചിരിക്കുന്നത്. ഐവിഎഫ് ചികിത്സയ്ക്കിടെ കുഞ്ഞ് ‘ലണ്ടന്റെ’ അമ്മ തന്റെ ശരീരത്തിലേക്ക് ഏറ്റുവാങ്ങിയ ഇഞ്ചെക്ഷനുകൾക്കായി ഉപയോഗിച്ച സിറിഞ്ചുകളാണ് ഇതെല്ലാം.

നാലുവർഷങ്ങൾ നീണ്ട വന്ധ്യത ചികിത്സയ്ക്കുശേഷമാണ് പാട്രീഷ്യയും കിമ്പെർലി ഒനീലും  ‘ലണ്ടനെ’ സ്വന്തമാക്കിയത്. ഒരു കുഞ്ഞെന്ന മോഹം സാക്ഷാത്കരിക്കാനായി ഏഴു ഐവിഎഫ് ശ്രമങ്ങളാണ് ഇവർ നടത്തിയത്. മൂന്നു തവണ ഗർഭം അലസ്സിപ്പോയി. 1616 തവണയാണ് പാട്രീഷ്യയ്ക്ക് ഇൻഞ്ചെക്ഷനുകൾ എടുക്കേണ്ടി വന്നത്. ഒടുവിൽ, ആ കുടുംബത്തിന്റെ നീണ്ട നാലുവർഷത്തെ ‘ഐവിഎഫ് പോരാട്ട’ങ്ങൾക്കൊടുവിൽ ആഗസ്റ്റ് 3ന് ‘ലണ്ടൻ ഓനെയിൽ’ പിറന്നു.

ജീവിതത്തിൽ തങ്ങൾ കടന്നുപോയ ‘വന്ധ്യതാപോരാട്ട’കാലത്തെ ഓർമ്മപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാട്രീഷ്യയും കിമ്പെർലിയും ഫോട്ടോഷൂട്ടിനായി സാമന്ത പാർക്കറെ സമീപിക്കുന്നത്. സാമന്ത പാർക്കർ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഈ ഫോട്ടോ 67,000 പേരാണ് നിലവിൽ ഷെയർ ചെയ്തിരിക്കുന്നത്. വർഷങ്ങളായി വന്ധ്യതാ ചികിത്സ എടുത്തുകൊണ്ടിരിക്കുന്ന നിരവധി ദമ്പതികൾക്ക് പ്രതീക്ഷയും പ്രചോദനവും പകരുന്നുണ്ട് കുഞ്ഞുലണ്ടന്റെ ചിത്രം.

“ഞങ്ങൾ കടന്നുപോയ യാതനകളിലൂടെ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിക്കെങ്കിലും ഈ ചിത്രം പ്രതീക്ഷ നൽകുമെന്നാണ്  വിശ്വാസം. എല്ലാ തുരങ്കങ്ങൾക്ക്​ അവസാനവും ഒരു വെളിച്ചമുണ്ട്. നമ്മൾ അവിടെ എത്തിച്ചേരുകയാണ് വേണ്ടത്,” പാട്രിഷ്യ  പറയുന്നു.

ആറുവർഷങ്ങൾക്കു മുമ്പ്, ഒരു ഡേകെയറിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പാട്രീഷ്യയും കിമ്പെർലിയും പരിചയപ്പെടുന്നതും പ്രണയബന്ധിതരാവുന്നതും.

” ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ ചികിത്സയ്ക്ക് ചെന്നാൽ 9 മാസം കഴിയുമ്പോൾ ഒരു കുഞ്ഞുമായി മടങ്ങാം എന്നായിരുന്നു എന്റെ ധാരണ. എന്നാൽ എന്റെ കാര്യത്തിൽ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ക്രമേണ മനസ്സിലായി. ചികിത്സ മുന്നോട്ടു പോകവേ, ഞാൻ ഗർഭിണിയായി. പക്ഷേ ആറാമത്തെ ആഴ്ച എനിക്ക് ആ കുഞ്ഞിനെ നഷ്ടമായി. വീണ്ടും എട്ടാമത്തെ ആഴ്ചകളിൽ രണ്ടു തവണ കൂടി അബോർഷനായി പോയി,” സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ പാട്രീഷ്യ പറഞ്ഞു.

അതോടെയാണ് ഗുരുതരമായ മറ്റെന്തോ ഇഷ്യൂ കൂടി പാട്രീഷ്യയ്ക്ക് ഉണ്ടെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുന്നത്. തുടർന്ന് നടത്തിയ ജെനിറ്റിക് ടെസ്റ്റിംഗിൽ രക്തം കട്ടപിടിക്കുന്ന ഒരു മെഡിക്കൽ കണ്ടീഷൻ (Factor V Leiden) പാട്രീഷ്യയ്ക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഈ അവസ്ഥമൂലം ഉണ്ടാകുന്ന ആസാധാരണമായ രക്തം കട്ടംപിടിക്കലിനെ തുടർന്നാണ് തുടരെ തുടരെ അബോർഷൻ സംഭവിച്ചുകൊണ്ടിരുന്നതെന്നും ഡോക്ടർമാർ തിരിച്ചറിഞ്ഞു.

പാട്രീഷയും കിബർലി ഒനീലും 

എന്നിട്ടും തളരാതെ ചികിത്സയുമായി ഒനീൽ കുടുംബം മുന്നോട്ടുപോയി. നിരവധി ശ്രമങ്ങൾക്കൊടുവിൽ വീണ്ടും പാട്രീഷ്യ ഗർഭിണിയായി. എട്ടുആഴ്ചകൾ കഴിഞ്ഞു കിട്ടിയതോടെ പാട്രീഷ്യയുടെ പ്രതീക്ഷ കൂടി. ” അതൊരു ആൺകുട്ടിയായിരുന്നു. ആ കുഞ്ഞു ഹൃദയം മിടിക്കുന്നത് ഞങ്ങൾ കേട്ടു. പക്ഷേ 11 മത്തെ ആഴ്ച ആ ഹൃദയമിടിപ്പും നിശ്ചലമായി. ഏറെ തളർന്നുപോയ നിമിഷങ്ങളായിരുന്നു​ അത്, ” പാട്രീഷ്യ ഓർത്തെടുക്കുന്നു.
വീണ്ടും തളരാതെ മുന്നോട്ട്. ഇത്തവണ പുതിയ ഡോക്ടർക്ക് അരികിലേക്കാണ് പാട്രീഷ്യ പോയത്.

വീണ്ടും നിരവധി പരിശോധനകൾ. വിറ്റാമിൻ ഡിയുടെ അപര്യാപ്തത, എൻസൈം ഡെഫിഷെൻസി, എരിച്ചിൽ തുടങ്ങി നിരവധിയേറെ പ്രതിബന്ധങ്ങൾ. ഡോക്ടറുടെ നിർദ്ദേശപ്രകാരം  പട്രീഷ്യ ‘ഹെപറീൻ’ ഇഞ്ചെക്ഷൻ ആരംഭിച്ചു. രക്തം നേർപ്പിക്കാൻ ഉള്ള ഇഞ്ചെക്ഷനായിരുന്നു അത്. ദിവസം രണ്ടുനേരമെന്ന രീതിയിൽ പാട്രീഷ്യ ഈ ഇഞ്ചെക്ഷനു വിധേയയായി. ഒടുവിൽ തുരങ്കത്തിനൊടുവിൽ വെളിച്ചപ്പൊട്ടുകൾ തെളിഞ്ഞു, മുപ്പതാംവയസ്സിൽ പാട്രീഷ്യ ‘ലണ്ടന്റെ’ അമ്മയായി.

ഐവിഎഫ് ചികിത്സ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ന്യൂബോൺ ഫോട്ടോഷൂട്ട് ഐഡിയകളെ കുറിച്ചും ആലോചിക്കുന്നുണ്ടായിരുന്നു ഈ ദമ്പതികൾ. ഇതിനായി ഇൻഞ്ചെക്ഷനുപയോഗിച്ച സിറിഞ്ചുകളെല്ലാം പാട്രീഷ്യ സൂക്ഷിച്ചുവച്ചിരുന്നു. ആ സിറിഞ്ചുകൾ തന്നെ ഫോട്ടോഷൂട്ടിനും ഉപയോഗിച്ചു.

കുഞ്ഞിനു ചുറ്റും ഒരുക്കിയ ഹൃദയാകൃതി, ഹെപറീൻ ഇഞ്ചെക്ഷനു വേണ്ടി ഉപയോഗിച്ച സിറിഞ്ചുകൾ കൊണ്ടുള്ളതാണ്. അതിനു ശേഷം വരുന്ന വൃത്തമൊരുക്കിയത് പലതവണയായി ഐവിഎഫ് ഇൻഞ്ചെക്ഷനുകൾക്കുവേണ്ടി ഉപയോഗിച്ച സൂചികൾ ഉപയോഗിച്ചാണ്. “ലണ്ടനെ ഈ ഭൂമിയിലേക്ക് വരവേൽക്കാനായി പാട്രീഷ്യ നടത്തിയ വേദന നിറഞ്ഞ യാത്രയെയാണ് ആ സിറിഞ്ചുകൊണ്ടുള്ള ഹൃദയം പ്രതിനിധീകരിക്കുന്നത്,” ഫോട്ടോഗ്രാഫർ സാമന്ത പാർക്കർ പറയുന്നു.

ഏതാണ്ട് 29,00,000 ലക്ഷം രൂപയാണ് വന്ധ്യതാ ചികിത്സയ്ക്കു വേണ്ടി പാട്രീഷ്യ-കിമ്പെർലി ഒനീൽ  ദമ്പതികൾ ചെലവഴിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook