വിരാട് കോഹ്ലിയെ നേരില്‍ കാണാനായി എന്തും ചെയ്യാന്‍ തയാറാകുന്ന ആരാധകരുമുണ്ട്. കൂടെ നില്‍ക്കുന്ന ചിത്രത്തിനായി എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യും. അത്തരത്തില്‍ കോഹ്ലിയെ കണ്ട് തന്റെ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് അസം സ്വദേശിയായ രാഹുല്‍ റാഹി.
കോഹ്ലിയെ കാണുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ 23,000 രൂപ മുടക്കിയാണ് രാഹുല്‍ മുറിയെടുത്തത്. കാണമെന്ന ആഗ്രഹം സാധിക്കുക മാത്രമല്ല കോഹ്ലിക്കൊപ്പം ചിത്രവുമെടുത്തു.
ഇന്ത്യന്‍ ടീമിന്റെ ഗുവാഹത്തിയിലേക്കുള്ള വരവറിഞ്ഞ് രാഹുല്‍ ആദ്യം എത്തിയത് ഗോപിനാഥ് ബൊര്‍ദൊലൊയ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു. എന്നാല്‍ സുരക്ഷ ജീവനക്കാര്‍ കോഹ്ലിയെ കാണുന്നതിന് തടസമായി. പിന്നാലെയായിരുന്നു ഹോട്ടല്‍ റൂം രാഹുല്‍ ബുക്ക് ചെയ്തത്.
ഹോട്ടലിലില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി ഒരുക്കിയ ഇടത്തില്‍ വച്ചാണ് രാഹുല്‍ കോഹ്ലിയെ കണ്ടത്. സെല്‍ഫിയെടുക്കുക മാത്രമല്ല, കോഹ്ലിയെ ഓട്ടോഗ്രാഫും സ്വന്തമാക്കി.
“അദ്ദേഹം എന്നെ ശ്രദ്ധിച്ചിരുന്നു, പുറത്ത് വച്ച് കാണാമെന്നും പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാം പേജിന്റെ ഫ്രെയിം ചെയ്ത ചിത്രവും എന്റെ പക്കലുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന് അത് സമ്മാനിക്കാമെന്നാണ് കരുതിയത്. എന്നാല്‍ അത് കൊണ്ടുപോകാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ ശേഷം അദ്ദേഹം ഓട്ടോഗ്രാഫ് നല്‍കി,” രാഹുലിനെ ഉദ്ദരിച്ചുകൊണ്ട് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഗുവാഹത്തിയില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ 28 പന്തില്‍ പുറത്താകാതെ 49 റണ്‍സാണ് കോഹ്ലി നേടിയത്. 237 എന്ന പടുകൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയ ഇന്ത്യ 16 റണ്‍സിന് വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.