രസകരമായ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വ്യത്യസ്ത രീതിയിലുള്ള നൃത്ത രൂപങ്ങൾ പല പ്രായത്തിലുള്ളവർ ചെയ്യുന്ന റീൽ വീഡിയോകൾ നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്.
രണ്ടു നേപ്പാളി കുട്ടികളുടെ ഊർജസ്വലമായ ഡാൻസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താളത്തിനനുസരിച്ച് ചുവടുവയ്ക്കുകയും കൗതുകമുണർത്തുന്ന മുഖഭാവങ്ങളോടും കൂടി കുട്ടികൾ കാണികളുടെ ശ്രദ്ധ ആകർഷിക്കുകയാണ്.
ഒരു വിവാഹാഘോഷത്തിനിടയിലാണ് കുട്ടികളുടെ നൃത്തമെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. പെൺകുട്ടി വളരെ മനോഹരമയൊരു ലെഹങ്ക ധരിച്ചപ്പോൾ ആൺകുട്ടിയുടെ വേഷം ഷർവാണിയാണ്. നൃത്തം ചെയ്യുന്നതിനിടയിൽ ഇരുവരും പരസ്പരം കളിയാക്കുന്നുമുണ്ട്. കുട്ടികളുടെ രസകരമായ ചുവടുകളും ഭാവങ്ങളും കണ്ട് പൊട്ടിച്ചിരിക്കുകയാണ് ചുറ്റും കൂടി നിൽക്കുന്ന മുതിർന്നയാളുകൾ.
പഞ്ച ബജ യുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുകയാണ് ഈ കൊച്ചു നർത്തകർ എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള അടികുറിപ്പ്. വിശേഷ ദിവസങ്ങളിലും ആഘോഷങ്ങൾക്കും വായിക്കുന്ന അഞ്ചു നേപ്പാളി വാദ്യോപകരണളെ ചേർത്തു വിശേഷിപ്പിക്കുന്ന പേരാണ് പഞ്ച ബജ എന്നത്.
മെയ് 12 നു സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ 13.1 മില്യൺ വ്യൂസും , 12 ലക്ഷത്തിലധികം ലൈക്കുകളും നേടി കഴിഞ്ഞു. ചിലർ കുട്ടികളെ അഭിനന്ദിച്ചപ്പോൾ മറ്റു ചിലർ പ്രായത്തിൽ കവിഞ്ഞ പ്രകടനം എന്ന പേരിൽ അവരെ വിമർശിക്കുകയും ചെയ്തു. എന്നാൽ കുട്ടികൾ ആസ്വദിച്ച് ചെയ്യുന്ന നൃത്തത്തെ വിശകലനം ചെയ്യാൻ ആരും ശ്രമിക്കേണ്ടെന്ന് പിന്തുണച്ചും അനവധി പേർ കമന്റ് ബോക്സിലെത്തി.
അവർ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. കുട്ടികൾ അതു ആസ്വദിച്ചു ചെയ്യുകയാണ്, അതിലെ രസകരമായ മുഹൂർത്തങ്ങൾ മാത്രം നിങ്ങൾ കാണാൻ ശ്രമിക്കൂ എന്ന കമന്റുകളും നിറയുന്നുണ്ട്.