നിങ്ങൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ സേവ്യർ അങ്കിൾ സുപരിചിതനായിരിക്കും. പോസ്റ്റുകൾക്ക് താഴെ രസികൻ കമന്റുകളും പൊട്ടിച്ചിരിയുണർത്തുന്ന ട്വീറ്റുകളുമായി സേവ്യർ അങ്കിൾ പലതവണ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈ വൈറൽ ട്വിറ്റർ അക്കൗണ്ടിലുള്ളത്. തന്റെ സോഷ്യൽ മീഡിയ വൈറൽ ദിനങ്ങളെ ഓർത്ത് സേവ്യർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
റീൽസുകളിൽ നിറഞ്ഞു നിന്ന വരികളാണ്, “Can we skip to the good part?” എന്നത്. ഈ വരികൾ കുറിച്ചാണ് സേവ്യറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. “നല്ല സമയത്തേയ്ക്ക് പെട്ടെന്നു പോകണ്ട, കാരണം കാത്തിരിപ്പ് നിങ്ങളെ അവിടെ തന്നെ കൊണ്ടു ചെന്നെത്തിക്കും.” ട്വീറ്റിൽ പറയുന്നു. 2010 ലാണ് സേവ്യർ ട്വിറ്റർ അക്കൗണ്ട് തുടങ്ങുന്നത്. “കമന്റുകളിലൂടെയുള്ള മണ്ടത്തരങ്ങൾ, പരിഹാസങ്ങളൊക്കെയായിരുന്നു എന്റെ യുഎസ്പി.” ട്വീറ്റ് ചെയ്യുന്നത് സന്തോഷം നൽകിയതിനാൽ 2018 വരെ സേവ്യർ അത് തുടർന്നു, അതു കഴിഞ്ഞുള്ള രണ്ടു വർഷത്തേക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് കരിയറിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു.
2020ൽ സംഭവിച്ച കോവിഡ് മഹാമാരിയാണ് കാര്യങ്ങൾ മാറ്റിമറിക്കുന്നത്. മീമുകൾ ഉണ്ടാക്കിയും ട്വിറ്ററിൽ സജീവമായുമൊക്കെ ആ ദിവസങ്ങൾ സേവ്യർ ചെലവഴിച്ചു. ഇത്തരത്തിൽ രസകരമായ പോസ്റ്റുകൾ വഴി സേവ്യറിനെ തേടി അഭിനന്ദനങ്ങളുമെത്തി.
താൻ ആരെന്ന് ഇതുവരെ വെളിപ്പെടുത്താത്ത സേവ്യർ ജൂലൈ മാസം എൽഎൽബി പഠിക്കാൻ ഒരുങ്ങുകയാണ്. തന്റെ ഐഡന്റിറ്റി ഒരു ചോദ്യചിഹ്നനമായി തന്നെ നിലനിൽക്കട്ടെയെന്ന് പറയുകയാണ് വൈറൽ താരം. “എനിക്ക് എന്നോട് തന്നെയാണ് നന്ദി പറയാനുള്ളതെ”ന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിക്കുന്നത്.
“ഒരു യഥാർത്ഥ വ്യക്തി ഈ അക്കൗണ്ടിനു പിന്നിലുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പഠനകാലത്തിന് എല്ലാവിധ ആശംസകളും നേരുന്നു.” ട്വീറ്റിനു താഴെ ഒരാൾ കുറിച്ചു. ‘എന്റെ ചിരിയ്ക്കു കാരണം നിങ്ങളാണ്’, ‘ഐഡന്റിറ്റി വെളിപ്പെടുത്തരുത്, ചിലപ്പോൾ അത് ഇപ്പോഴുള്ള രസം തകർക്കാൻ കാരണമാകും’ തുടങ്ങിയ കമന്റുകളും ട്വീറ്റിനു താഴെ നിറഞ്ഞു.