scorecardresearch
Latest News

‘ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കു’; അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞ ദിസമാണ് കൊടുമണ്‍ – അങ്ങാടിക്കല്‍ റോഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയ വിജയം സ്വന്തം ഫ്ലെക്സ് വച്ച് കുഞ്ഞാക്കു (ജിഷ്ണു) ആഘോഷിച്ചത്. കൂളിങ് ഗ്ലാസൊക്കെ വച്ച് തകര്‍പ്പന്‍ ലുക്കിലുള്ള പടമായിരുന്നു ഫ്ലെക്സില്‍

V Sivankutty, Viral Flex

കഴിഞ്ഞ ദിസമാണ് കൊടുമണ്‍ – അങ്ങാടിക്കല്‍ റോഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയ വിജയം സ്വന്തം ഫ്ലെക്സ് വച്ച് കുഞ്ഞാക്കു (ജിഷ്ണു) ആഘോഷിച്ചത്. കൂളിങ് ഗ്ലാസൊക്കെ വച്ച് തകര്‍പ്പന്‍ ലുക്കിലുള്ള പടമായിരുന്നു ഫ്ലെക്സില്‍.

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നും ചെക്കന്‍ തലക്കെട്ട് കൊടുത്തു. 2022 എസ്എസ്എല്‍സി പരീക്ഷയില്‍ മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ അഭിനന്ദനങ്ങള്‍ എന്നും ഫ്ലെക്സില്‍ കുറിച്ചിട്ടുണ്ട്.

കുഞ്ഞാക്കു പറഞ്ഞപോലെ ചരിത്രം അങ്ങ് വഴിമാറിയിരിക്കുകയാണ്. കുഞ്ഞാക്കുവിന്റെ വിജയത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രി സ്നേഹമറിയിച്ചത്.

“കൊടുമൺ അങ്ങാടിക്കൽ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതിൽ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകൻ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ കുറിച്ചുള്ള വാർത്ത കണ്ടു. സ്വന്തം വിജയം ആഘോഷിക്കാൻ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോൾ കൊടുമൺ അങ്ങാടിക്കൽ റോഡിൽ അങ്ങാടിക്കൽ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം റോഡരികിൽ ഒരു ഫ്ലെക്സ് സ്ഥാപിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അത് കൊണ്ടാണ് ഈ പോസ്റ്റ്”

“പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് നമ്മുടെ സംവിധാനം എല്ലാ പിന്തുണയും നൽകും. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കു തന്നെ ഫ്ലെക്സിൽ പറയുന്നുണ്ട്. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിത പരീക്ഷയിലും മികച്ച വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ,” മന്ത്രി കുറിച്ചു.

കഷ്ടതകള്‍ക്ക് നടുവില്‍ നിന്ന് കുഞ്ഞാക്കു എസ്എസ്എല്‍സിക്ക് നേടിയത് തിളക്കമാര്‍ന്ന വിജയമായിരുന്നു. താന്‍ ഒരിക്കലും എസ്എസ്എല്‍സി പാസാകില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കിയിരുന്നുവെന്നും അതാണ്‌ ഫ്ലെക്സ് വയ്ക്കാന്‍ തോന്നിപ്പിച്ചതെന്നും ജിഷ്ണു പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: ഈ അവസരം ആഘോഷിക്കാതെയെങ്ങനെ?; ഒത്തു ചേർന്ന് താരങ്ങൾ, ഫോട്ടോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Viral flex on sslc result education minster congratulates kunjakku