കോവിഡ് സാമൂഹിക അകല നിയത്രണങ്ങൾ പാലിക്കാൻ മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരിയുടെ ചിത്രം വൈറലാവുന്നു. ആലപ്പുഴ ജില്ലയിൽ അരൂരിന് സമീപം കുത്തിയതോട് പഞ്ചായത്തിലെ പള്ളിത്തോട് ചാപ്പക്കടവിലാണ് സംഭവം.
കുത്തിയതോടിലെ പള്ളി വികാരി ആൻറണി വാലയിലിന്റെ ചിത്രമാണ് നിരവധി ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒപ്പം ആൻറണി വാലയിൽ വാഹനത്തിൽ കോവിഡ് പ്രതിരോധ ബാധവൽക്കരണം നടത്തുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
Read More: വോഡ്‌ക മുതൽ ഗോമൂത്രം വരെ: രാഷ്ട്രീയ നേതാക്കളുടെ വിചിത്രമായ കൊറോണ അവകാശവാദങ്ങൾ
ദയവായി ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിച്ചാൽ നമ്മുടെ നാട് രോഗമുക്തമാവുമെന്നും അതിനാൽ 15 ദിവസം വീട്ടിൽതന്നെ കഴിയണമെന്നും ഫാദർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കോവിഡ് മുക്തി നേടാൻ നമ്മൾ നമ്മളോട് തന്നെ സഹകരിക്കണമെന്നും അദ്ദേഹം പറയുന്നു. സഹോദരങ്ങളേ ഇതിന് വേറൊരു മരുന്നില്ല നമ്മൾ നമ്മളെ പ്രതിരോധിക്കുക എന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നതായി വീഡിയോയിൽ കാണാം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. രോഗവ്യാപനം ഗുരുതരമായി തുടരുന്ന എറണാകുളം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് കുത്തിയതോട്. എറണാകുളം ജില്ലയിലെ ചെല്ലാനം ഫിഷിങ് ഹാർബറുമായി അടുത്ത പ്രദേശമാണ് ചാപ്പക്കടവ്. അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് കുത്തിയതോടും ചെല്ലാനവും.
Read More: പൊന്നിന്റെ വിലയുള്ള ജീവൻ; കോവിഡിനെ പ്രതിരോധിക്കാൻ വീണ്ടും സ്വർണ മാസ്ക്, വില 3.5 ലക്ഷം
എറണാകുളത്ത് കോവിഡ് ഏറ്റവും സാരമായി ബാധിച്ച ക്ലസ്റ്ററുകളിലൊന്നാണ് തീര മേഖലയായ ചെല്ലാനം. ആലപ്പുഴ എറണാകുളം ജില്ലകളിലെ തീര മേഖലകളിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
എറണാകുളം ജില്ലയിൽ 72 പേർക്കും ആലപ്പുഴ ജില്ലയിൽ 53പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എറണാകുളം ജില്ലയിലെ 59 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇരു ജില്ലകളിലെയും മൂന്ന് വീതം ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു.
Read More: മാസ്ക് വലിച്ചെറിയേണ്ടി വരുമെന്ന് ബിജെപി നേതാവ്, അരുതേയെന്ന് കൈകൂപ്പി ഡോക്ടർ