യൂട്യൂബ് വീഡിയോകളിലൂടെ വൈറലായ വളർത്തുനായ ചോട്ടു ഇനി ഓർമ്മ. ആറ്റൂർകോണം സ്വദേശി ദിലീപ് കുമാറിന്റെ വളർത്തുനായ ചോട്ടുവിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. തിരികെയെത്തുമെന്ന പ്രതീക്ഷയിൽ വീട്ടുകാർ കാത്തിരിക്കുമ്പോൾ വീടിനടുത്തുള്ള പൊട്ടകിണറ്റിൽ നിന്നും ചോട്ടുവിന്റെ ജഡം ലഭിച്ചത്.
നൂറോളം വാക്കുകൾ മനസ്സിലാക്കാനും അതിന് അനുസരിച്ച് പ്രവർത്തിക്കാനും കഴിയുമായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ചോട്ടുവെന്ന നായയ്ക്ക്. വീട്ടുടമസ്ഥന് പത്രവും കണ്ണടയും എടുത്തു കൊടുക്കുക, കോളിങ് ബെൽ അടിക്കുക, ബൈക്കിന്റെ കീ എടുത്തു നൽകുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യുന്ന ചോട്ടു കാഴ്ചക്കാരിൽ കൗതുകമുണർത്തുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
ചോട്ടുവിന്റെ പേരിലുള്ള യൂട്യൂബ് ചാനലിനും 12 ലക്ഷത്തോളം കാഴ്ചക്കാരുണ്ടായിരുന്നു. ചോട്ടുവിന്റെ ആകസ്മിക മരണത്തിൽ ദുഖിതരാണ് ഫോളോവേഴ്സും.