മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ 19ാം വയസ്സിൽ വില്ലനായി മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത മോഹൻലാൽ പിന്നെ മലയാള സിനിമയുടെ താരരാജാവാകുന്ന കാഴ്‍ചയാണ്‌ മലയാളികൾ കണ്ടത്. വെള്ളിത്തിരയിൽ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മോഹൻ ലാൽ മലയാളികളുടെ ചങ്കിടിപ്പായി മാറി. സ്നേഹത്തോടെ കേരളം അദ്ദേഹത്തെ ലാലേട്ടൻ എന്നു വിളിച്ചു.

Read More: ‘ഹാപ്പി ബർത്ത്ഡേ ബേബി’; അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ

ഇന്നും മോഹൻലാൽ എന്നു പറയുമ്പോൾ മലയാളികളുടെ ഓർമയിൽ ചിത്രം, താളവട്ടം, ദശരഥം, ഭരതം, തൂവാനത്തുമ്പികൾ, ആര്യൻ, കിരീടം, ചെങ്കോൽ, നമ്പർ 20 മദ്രാസ് മെയിൽ, പവിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, സർവകലാശാല, മായാമയൂരം, വന്ദനം തുടങ്ങിയ സിനിമകളാണ് നിറയുക. മോഹൻലാൽ അനശ്വരമാക്കിയ എത്രയോ ചിത്രങ്ങൾ, എത്രയോ കഥാപാത്രങ്ങൾ.

മലയാളികൾക്ക് ചേട്ടനായും കാമുകനായും ഭർത്താവായും സുഹൃത്തായും മകനായും മോഹൻലാൽ കഥാപാത്രങ്ങൾ മാറി. ഈ വിന്റേജ് മോഹൻലാൽ കഥാപാത്രങ്ങളെ കോർത്തിണക്കിക്കൊണ്ട് സൈന വീഡിയോ വിഷൻ പുറത്തിറങ്ങിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താളവട്ടം എന്ന ചിത്രത്തിലെ ബിജിഎം കൂടി ചേർന്നപ്പോൾ അന്നത്തെ ലാലേട്ടനെ മിസ്സ് ചെയ്യുന്നു എന്ന് മലയാളികൾ ഒരുമിച്ച് പറയുന്നു. മലയാളികൾക്ക് സിഡികളിലൂടെ സിനിമകൾ വീട്ടിലെത്തിച്ച സൈന വീഡിയോ വിഷനാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്. സിനിമ ഡിസ്ട്രിബ്യൂഷൻ രംഗത്ത് ഏറെ നാളത്തെ പാരമ്പര്യമാണ് സൈനയ്ക്കുള്ളത്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook