ലോകം മുഴുവൻ തരംഗം തീർത്ത ജിമിക്കി കമ്മൽ പാട്ടിന് മോഹൻലാൽ ചുവടുകൾ വച്ചത് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. വിഡിയോ കണ്ട ആവേശത്തിൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും തന്റെ ഫെയ്സ്ബുക്ക് പേജിൽ വിഡിയോ ഷെയർ ചെയ്തു. ഒപ്പം വിനീത് ഇങ്ങനെ കുറിച്ചു- ‘ലാൽ അങ്കിളിന്റെ ജിമ്മിക്കി കമ്മൽ വെർഷൻ’. പക്ഷേ വിനീതിന്റെ വാക്കുകൾ മോഹൻലാൽ ആരാധകരെ കലിപ്പിലാക്കി. ലാൽ അങ്കിൾ എന്നു മോഹൻലാലിനെ വിനീത് വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. വിനീതിന്റ പോസ്റ്റിനുതാഴെ പിന്നെ കമന്റുകളുടെ പൂരമായിരുന്നു.

അങ്കിൾ അല്ല ലാലേട്ടൻ എന്നാ വിളിക്കേണ്ടതെന്നാണ് വിനീതിനെ ലാലേട്ടൻ ഫാൻസ് പഠിപ്പിക്കുന്നത്. അങ്കിളോ, 6 വയസ്സുള്ള കുഞ്ഞുമുതൽ 60 വയസ്സുള്ള അപ്പൂപ്പൻ വരെ ഏട്ടൻ എന്നേ വിളിക്കാറുള്ളൂവെന്നാണ് പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്. വിനീതിനെ അധിക്ഷേപിക്കുന്ന കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ വിനീതിനെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വിനീതിനെ കളിയാക്കി ട്രോളുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം സിനിമയിലെ ജിമിക്കി കമ്മൽ ഗാനത്തിന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ചുവടുവച്ചിരുന്നു. ഇതിന്റെ ഏറ്റവും പുതിയ വെർഷനാണ് ഇന്നലെ പുറത്തിറങ്ങിയത്. മോഹൻലാൽ ജിമിക്കി കമ്മലിന് ചുവടു വയ്ക്കുന്നതായിരുന്നു പുതിയ വെർഷന്റെ ഹൈലൈറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ