ചെന്നൈ: ഇളയദളപതി വിജയ്‌യുടെ പുതിയ സിനിമയായ മെർസലിനെതിരെ ബിജെപി നടത്തിയിട്ടുള്ള യുദ്ധ പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രധാന ചർച്ചാ വിഷയം. ചിത്രത്തിൽ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമർശിക്കുന്ന രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് എതിരായി തമിഴ് സിനിമാലോകവും മറ്റു പ്രമുഖരും അണിനിരന്നു കഴിഞ്ഞു. ഇത്തരത്തിൽ എഴുച്ചി എന്ന വെബ്സൈറ്റ് പോസ്റ്റ് ചെയ്ത വിഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

മെർസലിനും വിജയ്ക്കും എതിരായി ബിജെപി ഉന്നയിക്കുന്ന എല്ലാ വിമർശനങ്ങളുടേയും മുനയൊടിക്കുന്നുണ്ട് വിഡിയോയിൽ. വിജയ്‌യെ ക്രിസ്ത്യാനിയായി ചിത്രീകരിച്ച് വിഷയത്തിന് വർഗീയ നിറം നൽകാൻ ശ്രമിക്കുന്ന ബിജെപി അജണ്ടയെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട് വിഡിയോയിൽ. ‘ആ പരിപ്പ് തമിഴ്നാട്ടിൽ വേവില്ല’ എന്നാണ് ഈ ശ്രമത്തെ കുറിച്ച് അവതാരക പറയുന്നത്. വിജയ് നരേന്ദ്ര മോദിയുടെ കൂടെ നിൽക്കുന്ന ഫോട്ടോ ബിജെപിക്കാർ ഒരുപാട് പ്രചരിപ്പിച്ചിരുന്നല്ലോ? അപ്പോൾ വിജയ് ‘ജോസഫ് വിജയ്’ അല്ലായിരുന്നോ എന്നും കളിയാക്കുന്നു.

മെർസലിൽ വിജയ് ആരോഗ്യ മേഖലയിലെ അപചയങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങൾക്ക് ചിത്രങ്ങൾ സഹിതം തെളിവ് നൽകുന്നുമുണ്ട് എഴുച്ചി. അഭിപ്രായങ്ങൾ തുറന്നു പറയുന്പോൾ ബിജെപിക്ക് മാത്രം എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും ചോദിക്കുന്നു. വിജയ്‌യുടെ തന്നെ ‘കത്തി’ എന്ന സിനിമയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ അഴിമതി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. അന്ന് ആരും ഇങ്ങനെ ഭീഷണിയും അപകീർത്തി പ്രസ്താവനകളുമായി വന്നില്ലല്ലോ എന്നും വിഡിയോയിൽ ചോദിക്കുന്നുണ്ട്.

വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 11 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. യൂട്യൂബിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ ‘ബിജെപി വധം’ കണ്ടു കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook