നരേന്ദ്രമോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ നിരവധി തവണ നവമാധ്യമ ട്രോളുകള്‍ക്ക് ഇരയായിട്ടുള്ളയാളാണ് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. റിയോ ഒളിംപിക്സ് വേദിയില്‍ സെല്‍ഫി എടുത്തും ഒളിംപിക്‌സിലെ വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധുവിനെയും വെങ്കലമെഡല്‍ നേടിയ സാക്ഷി മാലിക്കിനേയും സ്വർണമെഡല്‍ ജേതാക്കള്‍ എന്ന് വിശേഷിപ്പിച്ചും അദ്ദേഹത്തിന് അബദ്ധം പിണഞ്ഞു.
കണക്കറ്റ പരിഹാസവുമായാണ് അന്ന് ട്വിറ്ററിലും ഫെയ്സ്ബുക്കിലും അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. ദംഗലിലെ അഭിനേത്രി സൈറ വസീമിനെ കുറിച്ച് ട്വീറ്റ് ചെയ്ത് കഴിഞ്ഞ ആഴ്ച് അദ്ദേഹത്തിന് അബദ്ധം പിണഞ്ഞതും പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കി. ഇതിനുപിന്നാലെയാണ് കാഴ്ചയില്ലാത്തവരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തിയത്.
In this Lutyens Kingdom of the Political Blind, one blindfolded is the king! Camera-crazy mantris can be foolish. But this is so insensitive https://t.co/bUot2Fw937
— Shekhar Gupta (@ShekharGupta) January 30, 2017
അന്ധരുടെ രണ്ടാം ട്വന്റി20 ലോകകപ്പ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനത്തിനിടെ എടുത്ത ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഉദ്ഘാടന ചടങ്ങിനിടെ വിജയ് ഗോയല്‍ കണ്ണുകെട്ടി ബാറ്റു ചെയ്യുന്ന ചിത്രം പിഐബി (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഗോയലിന് ചുറ്റിലും ഉദ്യോഗസ്ഥന്മാര്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഈ ചിത്രത്തിന് താഴെയായി ട്വിറ്റര്‍ ഉപയോക്താക്കള്‍ വിമര്‍ശന ശരങ്ങളുമായെത്തി.
കാഴ്ചയില്ലാത്ത ക്രിക്കറ്റ് താരങ്ങളെ പരിഹാസരൂപേണ അനുകരിക്കുകയാണ് കായികമന്ത്രി ചെയ്തതെന്ന് ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ന്നു. കായികമന്ത്രി കാണിച്ചത് ബോധമില്ലാത്ത പ്രവൃത്തിയാണെന്നും അന്ധരായ കായികതാരങ്ങളെ പരിഹസിക്കുകയാണ് ചെയ്തതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ‘ആധുനിക കാലത്തെ ഗാന്ധാരി’ എന്നാണ് ഒരാള്‍ മന്ത്രിയെ വിശേഷിപ്പിച്ചത്.
Er. Really. Is this the most sensitivity we can manage? https://t.co/Dv0FKcczv0
— barkha dutt (@BDUTT) January 30, 2017
എന്നാല്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് വിജയ് ഗോയലും രംഗത്തെത്തി. കാഴ്ചയില്ലാത്ത ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന ഉദ്ദേശത്തോടെയാണ് താന്‍ കണ്ണുകെട്ടി ബാറ്റു ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അന്ധരുടെ ക്രിക്കറ്റിന് പിന്തുണ അറിയിച്ച് കൊണ്ട് കണ്ണുകെട്ടി നില്‍ക്കുന്ന പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പോസ്റ്ററും വിജയ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
Dear @ShekharGupta & @BDUTT I was requested by @blind_cricket officials to play w/ the players in that way to encourage them. Also check pic pic.twitter.com/LTFcCHrzEm
— Vijay Goel (@VijayGoelBJP) January 30, 2017
വിരാട് കോഹ്‌ലി, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്റ, അജിങ്ക്യ രഹാനെ, കെ.എല്‍.രാഹുല്‍, ഉമേഷ് യാദവ് എന്നിവരുടെ ചിത്രമാണ് ഗോയല്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മന്ത്രിയുടെ പ്രവൃത്തി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന വാദം ട്വിറ്ററില്‍ ശക്തമായി. ഈ ചിത്രം കാഴ്ചയില്ലാത്ത ക്രിക്കറ്റ് താരങ്ങള്‍ക്ക് കാണാന്‍ കഴിയില്ലല്ലോ എന്ന ആശ്വാസമാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചത്.
@ShekharGupta @PIB_India @VijayGoelBJP truly truly glad the blind won’t be seeing this picture.
— Surya Iyer (@suryavoice) January 30, 2017