2002 ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നാറ്റ് വെസ്റ്റ് സീരിസ് ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറക്കില്ല. കൈവിട്ടെന്നു കരുതിയ കിരീടം മുഹമദ് കൊഫിന്റെയും യുവരാജ് സിങ്ങിന്റെയും അസാമാന്യ പ്രകടനത്തോടെ ടീം ഇന്ത്യ തലയിലേറ്റിയ മൽസരം മാത്രമായതുകൊണ്ടല്ല, ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ആവേശത്തില്‍ ടീമിന്റെ അന്നത്തെ നായകനും ഇന്ത്യയുടെ പ്രിയപ്പെട്ട ദാദയുമായ സൗരവ് ഗാംഗുലി തന്റെ ജഴ്‌സി ഊരി വീശിയ കാഴ്ചയും കൂടിയാണ് ആ മൽസരം അവിസ്മരണീയമാക്കുന്നത്.

എന്നാല്‍ മറ്റൊരു വീഡിയോ ആണ് ആരാധകരുടെ ഹൃദയം നിറച്ച് ഇപ്പോള്‍ വൈറലായി മാറിയത്. ഒരു ക്ലബ്ബില്‍ വച്ച് ഡാന്‍സ് കളിക്കുന്ന ദാദയുടെ വീഡിയോ ആണ് പ്രചരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വളരെ നന്നായി നൃത്തം ചെയ്യുന്ന ഗാംഗുലിയുടെ ഈ അവതാരരൂപം ആരാധകര്‍ മുമ്പെങ്ങും കണ്ടുകാണാനിടയില്ല. എന്നാണ് അദ്ദേഹം ക്ലബ്ബില്‍ ഡാൻസ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പുറത്തുവന്നത് മെയ് 9നാണ്.

ഏതൊരു ക്രിക്കറ്റ് പ്രേമിയും ഒരിക്കലും മറക്കാനിടയില്ലാത്ത മല്‍സരം. അതായിരുന്നു 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയ മല്‍സരം. ഇംഗ്ലണ്ടിനെ അവരുടെ മൈതാനത്ത് ഇന്ത്യ കീഴടക്കിയതും ഇന്ത്യയുടെ ‘ദാദ’ ജഴ്‌സി ഊരി ആര്‍ത്ത് വിളിച്ചതും ക്രിക്കറ്റ് പ്രേമികളുടെ കണ്ണിന് മുന്നില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അതുപോലെ തന്നെയാണ് ആരാധകര്‍ ഈ വീഡിയോയും ഏറ്റെടുക്കുന്നത്.

ഗാംഗുലി ക്യാപ്റ്റനായിരിക്കുമ്പോള്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെ ഓര്‍മകള്‍ സമ്മാനിച്ച മല്‍സരം നടന്നത് 2002 ജൂലൈ 13നാണ്. നാറ്റ്‌വെസ്റ്റ് സീരീസിന്റെ ഫൈനലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന് നാസര്‍ ഹുസൈന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്കും (109) നാസര്‍ ഹുസൈനും (115) ഇന്ത്യന്‍ ബോളര്‍മാരെ തല്ലിപ്പറത്തിയപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ 326 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം. ഇന്ത്യക്ക് ആശ്വസിക്കാന്‍ സഹീര്‍ ഖാന്റെ മൂന്ന് വിക്കറ്റ് പ്രകടനവും.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കം തന്നെയാണ് സൗരവ് ഗാംഗുലിയും (45) വിരേന്ദര്‍ സെവാഗും (60) ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 106 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും മുന്‍നിരയിലെ മറ്റ് താരങ്ങള്‍ തകര്‍ന്നടിഞ്ഞു. ദിനേഷ് മോങ്കിയ (9) സച്ചിന്‍ തെൻഡുല്‍ക്കര്‍ (14), രാഹുല്‍ ദ്രാവിഡ് (5) എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോള്‍ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്റെ പതിവ് ശൈലിയിലെ നഖം കടി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുകൂടിയ യുവരാജ് സിങ്ങും (69) മുഹമ്മദ് കൈഫും (87*) ചേര്‍ന്ന് ഇന്ത്യയെ അപ്രതീക്ഷിത കൂട്ടുകെട്ടിലൂടെ വിജയത്തിലേക്കടുപ്പിച്ചു. എന്നാല്‍ യുവരാജും ഹര്‍ഭജന്‍ സിങ്ങും അനില്‍ കുംബ്ലെയും ചെറിയ ഇടവേളകളില്‍ മടങ്ങിയതോടെ വീണ്ടും ഇന്ത്യ പ്രതിസന്ധിയില്‍.

അവസാന ഓവറില്‍ സഹീര്‍ ഖാനെ കൂട്ടുപിടിച്ച് കൈഫ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍ സര്‍വ നിയന്ത്രണവും വിട്ട് ജഴ്‌സി ഊരി ആക്രോശിച്ച് ആര്‍ത്തുവിളിച്ച ഗാംഗുലിയുടെ മുഖം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ സുവര്‍ണലിപികളാല്‍ എഴുതിചേര്‍ത്ത അധ്യായമാണ്. കൈഫായിരുന്നു കളിയിലെ താരം.

ഇന്നലെ 15 വര്‍ഷം പൂര്‍ത്തിയായപ്പോൾ പഴയ ഓര്‍മകള്‍ ഓര്‍ത്തെടുത്ത് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ ‘ഞാനൊരു സ്വപ്‌നത്തിലാണ് ജീവിച്ചത്. ഞാന്‍ മരിക്കുവോളം കൂടെയുണ്ടായിരുന്ന സ്വപ്‌നം. നാറ്റ്‌വെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച നിമിഷം.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ