കാട്ടിലെ പുലികളുടെയും കടുവകളുടെയും ചേഷ്ടകളുടെയും പെരുമാറ്റങ്ങളുടെയും വീഡിയോകള്‍ നെറ്റിസണ്‍മാരെ, പ്രത്യേകിച്ച് വന്യജീവി സംരക്ഷകരെയും പ്രകൃതി സ്നേഹികളെയും വലിയതോതില്‍ ആകര്‍ഷിക്കാറുണ്ട്. പുലികളും കടുവകളും നടക്കുന്നതോ ചുറ്റിക്കറങ്ങുന്നതോ ആയ രീതിയില്‍ പലരും അത്ഭുതം കൂറാറുണ്ട്.
ഐ എ എസ് ഉദ്യോഗസ്ഥന് സോണാല്‍ ഗോയല്‍ പങ്കുവച്ച, ഇത്തരമൊരു വീഡിയോ ക്ലിപ്പ് വൈറലായി മാറിയിരിക്കുകയാണ്. പുള്ളിപ്പുലി നടന്നുവരുന്നതും തുടർന്ന് ഫൊട്ടോയ്ക്കു പോസ് ചെയ്യുന്നതു പോലെ പെർഫോമൻസ് കാണിക്കുന്നതുമാണ് ക്ലിപ്പിലുള്ളത്.
ടാര്‍ റോഡിനോട് ചേര്‍ന്നു നടന്നുവരുന്ന പുള്ളിപ്പുലി അല്‍പ്പനേരം ഇരിക്കുന്നു. തുടര്‍ന്ന് മുന്നോട്ടുനോക്കിയശേഷം പിന്‍കാലുകളില്‍ എഴുന്നേറ്റുനില്ക്കുകയാണ്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ ദൃശ്യം പകര്‍ത്തിയ ദിവസം വ്യക്തമല്ല.
ഫൊട്ടോ ഷൂട്ടിനുവേണ്ടിയെന്നു തോന്നിക്കുന്ന മികച്ച പെര്‍ഫോമന്‍സ് എന്ന അടിക്കുറിപ്പോടെയാണ് 27 സെക്കന്‍ഡ് വരുന്ന ക്ലിപ്പ് ഗോയല്‍ പങ്കുവച്ചത്. ഇന്നു പങ്കുവച്ച ക്ലിപ്പിന് ഒരു മണിക്കൂറിനുള്ളില്‍ മാത്രം 1,600-ലധികം വ്യൂ ആണുണ്ടായിരിക്കുന്നത്.
കാടിന്റെ മോഡല്‍, വളരെ ഫൊട്ടോ ജെനിക് എന്നൊക്കെയാണു പുലിയെ പലരും കമന്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Also Read: പത്താം ക്ലാസിൽ ഇംഗ്ലീഷിന് 100ൽ 35 ഉം, കണക്കിന് 36 ഉം; വൈറലായി കളക്ടറുടെ മാർക്ക് ലിസ്റ്റ്
ഇത്തരത്തിലുള്ള മറ്റൊരു ക്ലിപ്പ് കഴിഞ്ഞമാസം സോഷ്യല്‍ മീഡിയയില്‍ മേയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പുള്ളിപ്പുലി ഒളി ക്യാമറയ്ക്കടുത്തേക്കു കൗതുകത്തോടെ ചുവടുവയ്ക്കുന്നതും സൂക്ഷ്മമായി പരിശോധിക്കുന്നതും കാണിക്കുന്നതായിരുന്നു ആ ക്ലിപ്പ്. ക്യാമറ പരിശോധിച്ച ശേഷം പുലി കാട്ടിലേക്കു മറയുകയാണ് പുലി.
ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) റെഡ് ലിസ്റ്റ് പ്രകാരം പുള്ളിപ്പുലികളെ ദുര്‍ബല വിഭാഗങ്ങളായാണു കണക്കാക്കിയിരിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ പ്രാദേശികമായി വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. അതേസമയം, പതിറ്റാണ്ടുകളായുള്ള സംരക്ഷണ ശ്രമങ്ങള്‍ കാരണം, ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.