ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഔദ്യോഗികമായി രാജിവച്ചത്. രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ടാണ് അദ്ദേഹം സ്ഥാനത്ത് നിന്നും പുറത്ത് പോയത്. അന്ന് തന്നെ ഡല്‍ഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാനും രാഹുല്‍ ഗാന്ധി പോയി. ഇതിനെ ഇപ്പോള്‍ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ആയുഷ്മാന്‍ ഖുറാന നായകനായ ‘ആര്‍ട്ടിക്കിള്‍ 15’ കാണാനാണ് രാഹുല്‍ എത്തിയത്.
പിവിആര്‍ ചാണക്യയില്‍ വച്ച് രാഹുല്‍ സിനിമ കാണുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോപ്കോണ്‍ കഴിക്കുന്നതും സിനിമ കാണാനെത്തിയ മറ്റുളളവരോട് അദ്ദേഹം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

Read More: ജാതിയും ഭരണഘടനയും പറയുന്ന ‘ആര്‍ട്ടിക്കിള്‍ 15’ എന്ന സുപ്രധാന സിനിമ

വിഐപി സംസ്കാരമൊന്നും മാനിക്കാതെ മറ്റുളളവര്‍ക്കൊപ്പം ഇരുന്ന് സിനിമ കണ്ട അദ്ദേഹത്തെ സോഷ്യൽ മീഡിയയില്‍ പുകഴ്ത്തി. കൂടാതെ അദ്ദേഹം ബുക്ക് ചെയ്യാതെയാണ് തിയേറ്ററില്‍ എത്തിയതെന്നതും സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായി.

ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിലെ ആര്‍ട്ടിക്കിള്‍ 15 ഇന്ത്യയിലെ ഏതൊരു പൗരനും മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം തുടങ്ങി എന്തിന്റെ പേരിലും രാജ്യത്ത് തുല്യമായ അവകാശം ഉറപ്പു നൽകുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ പലയിടങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇതിനുനേരെ വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുമെല്ലാം ഈ ടെക്‌നോളജി യുഗത്തിലും നിര്‍ബാധം അവിടെ അരങ്ങേറുകയാണ്.ഇതിനെ പ്രതിപാദിക്കുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15.

സവര്‍ണ മേല്‍ക്കോഴ്മയുടെ ആധിപത്യമനോഭാവത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് വേറിട്ട രീതിയില്‍ സഞ്ചരിക്കുന്നുവെന്നതാണ് ആര്‍ട്ടിക്കിള്‍ 15 എന്ന അനുഭവ് സിന്‍ഹയുടെ പുതിയ സിനിമയെ വേറിട്ടതാക്കുന്നത്. അവര്‍ണ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ബദന്‍ ഗാംഗ് കൂട്ടക്കൊല എന്ന യഥാര്‍ത്ഥ സംഭവത്തെ ഓര്‍മിപ്പിക്കുന്ന ചലച്ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. അയന്‍ രജ്ഞന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷം ചെയ്ത ആയുഷ്മാന്‍ ഖുറാനയെ നിരൂപകര്‍ ഒന്നാകെ പ്രശംസിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook