ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്നോ ഇരുന്നോ യാത്ര ചെയ്യരുതെന്നും ഇത് അപകടം വരുത്തുമെന്നും റെയില്‍വേ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നിട്ടും ഇങ്ങനെ യാത്ര ചെയ്യുന്നവരെ നാം മിക്കപ്പോഴും കാണാറുണ്ട്. ഇത്തരം യാത്ര അപകടം മാത്രമല്ല, നിങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ കൂടി നഷ്ടപ്പെടുത്തുമെന്നു ബോധ്യപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ.
ചവിട്ടുപിടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്ന രണ്ടു യുവാക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പുറത്തുനിന്നുകൊണ്ട് മോഷ്ടാവ് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ തട്ടിയെടുക്കുന്ന വീഡിയോ ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. ട്രെയിന്‍ പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണു സംഭവം. പാലത്തില്‍ അള്ളിപ്പിടിച്ചുനിന്നുകൊണ്ട് ഫോണ്‍ തട്ടിയെടുത്ത മോഷ്ടാവിനെ സ്‌പൈഡര്‍മാനുമായി താരതമ്യം ചെയ്യുകയാണു നെറ്റിസണ്‍സ്.
ബിഹാറിലെ ബെഗുസാരായിയിലാണു സംഭവം. പട്ന-കതിഹാര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെയാണു യുവാവിന്റെ ഫോണ്‍ കവര്‍ന്നത്. ഗംഗാ നദിക്കു കുറുകയുള്ള, പട്‌നയെയും ബെഗുസാരായിയെയും ബന്ധിപ്പിക്കുന്ന റെയില്‍പ്പാലമായ രാജേന്ദ്ര സേതുവിലാണ് സംഭവം നടന്നതെന്നു ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവാവ് ഗംഗാ നദിയുടെ ദൃശ്യം പകര്‍ത്തുന്നതിനിടെ പാലത്തില്‍നിന്നു പെട്ടെന്നൊരു കൈ ഇയാള്‍ക്കുനേരെ നീളുന്നതു വീഡിയോ കാണാം. പാലത്തില്‍ നില്‍ക്കുന്നയാളെ കടന്ന് ട്രെയിന്‍ പോയ ഉടന്‍ ഫോണ്‍ നഷ്ടപ്പെട്ട യുവാവും കൂടെയിരുന്നയാളും പിന്നിലേക്കു നോക്കുന്നതും കാണാം. തുടര്‍ന്ന് അവിശ്വസനീയതയോടെ എഴുന്നേറ്റു നിന്ന്, തന്റെ ഫോണ്‍ പോയതായി പിന്നില്‍ നില്‍ക്കുന്ന യാത്രക്കാരനോട് പറയുന്നതും വീഡിയോയിലുണ്ട്.
Also Read: ഉദ്ഘാടന ദിവസം ‘നടന്ന്’ പാലം പൊളിച്ചു; മേയറടക്കം 10 അടി താഴ്ചയിലേക്ക്; വീഡിയോ
ഇരുമ്പുപാലത്തില്‍ അള്ളിപ്പിടിച്ചുനിന്നുകൊണ്ട് യാത്രക്കാരുടെ ഫോണുകള്‍ തട്ടിപ്പറിക്കാന്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു മോഷ്ടാവെന്നാണ് ഈ ദൃശ്യം വ്യക്തമാക്കുന്നത്. ഈ മോഷണം ക്യാമറയില്‍ കണ്ടെത്തുക അസാധ്യമാണ്. വീഡിയോ സ്ലോ മോഷനില്‍ കാണുമ്പോള്‍ മാത്രമേ ആ നിമിഷം ദൃശ്യമാകൂ. ഇത്തരത്തിലുള്ള മോഷണം ഇവിടെ പതിവാണെന്നാണു റിപ്പോര്‍ട്ട്.
ഈ റൂട്ടില്‍ നടക്കുന്ന ഇത്തരം കവര്‍ച്ചയെക്കുറിച്ച് അറിയാമെന്നും ഏതാനും മോഷ്ടാക്കളെ നേരത്തെ പിടികൂടിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പ്രതികരിച്ച പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കള്‍ പാലത്തില്‍നിന്ന് ഗംഗാ നദിയിലേക്കു ചാടി സുരക്ഷിത സ്ഥാനത്തേക്കു നീന്തി രക്ഷപ്പെടുന്നതു വെല്ലുവിളിയാണെന്നു പൊലീസ് പറഞ്ഞു.
Also Read: 22 സെക്കന്റ് നിര്‍ത്താതെ കൂവി തളര്‍ന്ന് വീണ് പൂവന്‍; ഗുണപാഠം തേടി ആനന്ദ് മഹീന്ദ്ര