ഡ്രോൺ ഉപയോഗിച്ച് ആകശത്തു നിന്നുള്ള കാഴ്ചകൾ സ്ഥിരം കാണുന്നവരാണ് നമ്മൾ. എന്നാൽ അത് ഒരു പക്ഷി ആണ് ചെയ്യുന്നതെങ്കിലോ! അതേ അങ്ങനൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു യുവാവിന്റെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുത്ത് തത്ത ആകാശത്തൂടെ വട്ടമിട്ട് പറക്കുന്നതാണ് വീഡിയോയിൽ. ട്വിറ്ററിലാണ് വീഡിയോ പ്രചരിക്കുന്നത്. ഫോൺ തത്ത തട്ടിയെടുത്ത് ഉയരത്തിലേക്ക് പറക്കുമ്പോൾ അതിനു പിന്നാലെ ഓടുന്ന യുവാവിനെയും വീഡിയോയിൽ കാണാം.
ഏകദേശം രണ്ടു മിനിറ്റിനടുത്ത് ദൈർഘ്യം ഉള്ളതാണ് വീഡിയോ. തത്ത അവസാനം ഒരു കാറിനു മുകളിൽ ചെന്നിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. അഞ്ചു ലക്ഷത്തിലധികം പേർ ഇതിനോടകം വിഡിയോ കണ്ടിട്ടുണ്ട്.
വീഡിയോക്ക് പല തരത്തിലുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ചിലർ ഇതിനെ “പ്രകൃതി സൗഹൃദ ഡ്രോൺ” എന്ന് വരെ വിളിക്കുന്നുണ്ട്.
ചിലർ വീഡിയോ ഫേക്ക് ആണെന്നും പറയുന്നുണ്ട്. 100 ശതമാനം അനിമേഷൻ ആണെന്ന് ഒരാൾ. വീഡിയോ നിർത്തി നോക്കുകയാണെങ്കിൽ തത്തയുടെ നിഴലിലും മരങ്ങളിലും അത് വ്യക്തമാകും എന്നാണ് പറഞ്ഞിരിക്കുന്നത്.
പറത്തിയ സ്ഥലത്ത് തന്നെ എത്തുന്ന തത്ത വീട്ടിൽ വളർത്തുന്നത് തന്നെയാകുമെന്നും ചിലർ പറയുന്നുണ്ട്.