വനത്തിനുള്ളിൽ കൂടി കടന്നുപോകുന്ന റെയിൽവേ ട്രക്കുകൾ ഇന്ത്യയിൽ പലയിടത്തുമുണ്ട്. ഇവിടങ്ങളിൽ മൃഗങ്ങൾക്ക് അപകടമുണ്ടാകുന്ന പല വാർത്തകളും മുൻപ് പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ അത്തരം അപകടങ്ങൾ കുറയ്ക്കാൻ റെയിൽവേ വിവിധ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. അതിലൊന്നാണ് ബാരിക്കേഡുകൾ. എന്നാൽ അവയും മൃഗങ്ങൾക്ക് മറ്റൊരു ഭീഷണിയാകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ട്രാക്ക് മുറിച്ചുകടക്കാൻ കഷ്ടപ്പെടുന്ന കാട്ടാനക്കൂട്ടത്തിന്റെ ഹൃദയഭേദകമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തമിഴ്നാട് നീലഗിരിയിൽ ആണ് സംഭവം. കാട്ടിലൂടെ റെയിൽവേ ട്രാക്കിന് അപ്പുറമുള്ള ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിന്റെ ട്രാക്കിന് സമീപമുള്ള വലിയ സംരക്ഷണ മതിൽ കുട്ടിയാനകൾ അടക്കമുള്ള കാട്ടാനക്കൂട്ടത്തിന് മറികടക്കാൻ കഴിയാതെ പോകുന്നതാണ് വീഡിയോയിൽ.
ഹൈവേകളിലോ റെയിൽവേ ട്രാക്കുകളിലോ ഇത്തരം വേലികൾ അപകടസാധ്യത കുറയ്ക്കുന്നതിനും മൃഗങ്ങൾക്ക് അപകടമുണ്ടാകുന്നത് തടയുന്നതിനും വേണ്ടിയാണ് നിർമ്മിക്കുന്നത്, എന്നാൽ ഇവിടെ വലിയ മതിൽ കാരണം സ്വന്തം വനത്തിലേക്ക് കടക്കാൻ കഷ്ടപ്പെടുകയാണ് കാട്ടാനക്കൂട്ടം. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
ഭാഗ്യവശാൽ, കാട്ടാനക്കൂട്ടം കടന്നുവന്നപ്പോൾ ട്രെയിനുകളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ മൃഗങ്ങളുടെ സഞ്ചാരത്തിന് ബാരിക്കേഡുകൾ ഭീഷണിയാകുന്നുണ്ടെന്ന് ഐഎഎസ് ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടി. വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായത്.
പലരും റെയിൽവേയ്ക്ക് എതിരെ രോഷം പ്രകടിപ്പിക്കുകയും വന്യജീവി ജീവികളുടെ സുഗമമായ സഞ്ചാരത്തിന് പ്രത്യേക ഇടനാഴികൾ നിർമ്മിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി രംഗത്തെത്തി.
വിഡിയോ വൈറലായതോടെ റെയിൽവേ അധികൃതരും അടിയന്തര നടപടി സ്വീകരിച്ച് മാതൃകയായി. ഇതും സാഹു പങ്കുവെച്ചു.
റെയിൽവേയും വനംവകുപ്പും ചേർന്ന് മതിൽ പൊളിച്ചു മാറ്റുന്ന വീഡിയോ പങ്കുവെച്ച സാഹു.” ഒരുമിച്ചു നിന്നാൽ പരിഹാരമാർഗങ്ങൾ ഉണ്ടകും’ എന്നാണ് കുറിച്ചത്.
നിരവധി പേരാണ് സാഹുവിന്റെ ഇടപെടലിനെയും റെയിൽവേയുടെ മാതൃകാപരമായ നടപടിയെയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്.