മനസില്‍ തൊടുന്ന സുന്ദരമായ വിവാഹ നിമിഷങ്ങള്‍ പകര്‍ത്തുകയാണ് ഇപ്പോഴത്തെ ഒരു ‘ട്രെന്‍ഡ്’. വീഡിയോകളില്ലാത്ത വിവാഹങ്ങള്‍ ഇപ്പോള്‍ വിരളമാണ്. വിവാഹത്തിന് മുമ്പും വിവാഹ ദിനത്തിലും വിവാഹത്തിന് ശേഷവുമൊക്കെ വീഡിയോ പകര്‍ത്തി സൂക്ഷിക്കുന്നവരാണ് ഇപ്പോഴത്തെ തലമുറ. വ്യത്യസ്ത രീതിയിലുളള വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും പിറകെയാണ് മണവാളന്മാരും മണവാട്ടിമാരും.

അതിന് എന്ത് റിസ്ക് എടുക്കാനും അവര്‍ തയ്യാറാവുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഡെന്നി, പ്രിയ എന്നിവരുടെ പോസ്റ്റ് വെഡ്ഡിങ് വീഡിയോ ആണ് ചിരി പടര്‍ത്തുന്നത്. ദേവ് ക്രിയേഷന്‍സ് വെഡ്ഡിങ് സിനിമാസ് ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

വിവാഹത്തിന് ശേഷം ഡെന്നിയുടേയും പ്രിയയുടേയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയുണ്ടായ സംഭവമാണ് വീഡിയോയില്‍. ഇരുവരേയും ഒരു ചെറുവളളത്തില്‍ ഇരുത്തി ഫോട്ടോ പകര്‍ത്താനായിരുന്നു ഫോട്ടോഗ്രാഫറായ അങ്കമാലി സ്വദേശി ജിബിന്‍ ദേവും സംഘവും തീരുമാനിച്ചത്. എന്നാല്‍ വളളത്തില്‍ കയറിയ ഉടനെ പ്രിയയുടെ സകല ധൈര്യവും ചോര്‍ന്ന് പോയി. വളളം മറിയുമെന്ന പേടിയില്‍ പ്രിയയുടെ നിയന്ത്രണം വിട്ടപ്പോള്‍ വളളം ഉലഞ്ഞു. അവസാനം ഫോട്ടോ എടുക്കുന്നതിനിടെ ഇരുവരും വെളളത്തില്‍ വീഴുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook