കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നതിനിടെ ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍ അകപ്പെട്ട കൊമ്പന് രക്ഷപ്പെടുന്നതിന്റെയും കുത്തിയൊഴുകുന്ന കക്കാട്ടാറില്‍ ഒഴുകി വരുന്ന തടി പിടിക്കാന്‍ ‘നരന്’ സ്റ്റൈലില്‍ മൂന്ന് യുവാക്കള്‍ എടുത്തു ചാടുന്നുതിന്റെയും വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
ഇത്തരം വീഡിയോകള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ല. കനത്ത മഴ പെയ്തതിനെത്തുടര്‍ന്ന് വെള്ളക്കെട്ടിലായ ഹൈദരാബാദില്‍നിന്നുള്ള ഒരു വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.
ഒന്നിനു മുകളില്‍ ഒന്നായി വച്ച രണ്ടു ബിരിയാണിച്ചെമ്പുകള്‍ വെള്ളക്കെട്ടുള്ള തെരുവിലൂടെ ഒഴുകുന്നതാണു വീഡിയോയിലുള്ളത്. പിന്നില്‍ ‘അദിബ ഹോട്ടല്‍’ എന്ന് പേരുള്ള റെസ്റ്റോറന്റ് കാണാം. ഇവിടെനിന്നാകാം ബിരിയാണിച്ചെമ്പുകള്‍ ഒഴുകിയതെന്നാണു കരുതുന്നു.
ഇബ്ന് ക്രോലെ (@IbnFaraybi) എന്ന ട്വിറ്റര്‍ ഉപയോക്താവാണു 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചത്. പങ്കുവെച്ചത്. ”ഓര്‍ഡര്‍ ചെയ്ത ബിരിയാണി ലഭിക്കാത്തവര്‍ അസന്തുഷ്ടരാകാന്‍ പോകുന്നു,” എന്നു കുറിച്ചുകൊണ്ട് ഹൈദരാബാദ്, ഹൈദരാബാദ് റെയിന്‍സ് എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
വീഡിയോ 11 ദശലക്ഷത്തിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. വീഡിയോയ്ക്കു താഴെ നിരവധി പേരാണു രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.
”ഇലോണ്‍ മസ്കിന് ഓട്ടോ പൈലറ്റഡ് ബിരിയാണി മെക്കാനിസത്തില്‍ താല്‍പ്പര്യമുണ്ടോ എന്ന് ഉടമകള്‍ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് ഒരാള്‍ കുറിച്ചത്. ”ആളൊന്നും ആവശ്യമില്ലാത്ത ശക്തവും സ്വതന്ത്രവുമായ ബിരിയാണി,” എന്ന് മറ്റൊരാള്‍ കുറിച്ചു.
ചിലരാവട്ടെ ഇന്ത്യയിലെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയാണു ചൂണ്ടിക്കാട്ടിയത്. ”ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണക്കാരന്റെ ജീവിതശൈലി ഇതാണ്. ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി കോടിക്കണക്കിന് ചെലവഴിക്കുന്ന ഇരു രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കു സുഖകരവും മാന്യവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്കാന് കഴിയുന്നില്ല,” ഒരാള്‍ അഭിപ്രായപ്പെട്ടു.