പരുക്കേറ്റ തെരുവു നായയ്‌ക്ക് ചികിത്സ നൽകിയ ഫാർമസിസ്റ്റിന് കൈയ്യടിക്കുകയാണ് സോഷ്യൽ ലോകം. തുർക്കിയിലെ ഇസ്താംബൂളിൽ മെഡിക്കൽ ഷോപ് നടത്തുകയായിരുന്ന ബനു സെനിസിന്റെ കടയിലേക്കാണ് പരുക്കേറ്റ തെരുവു നായ എത്തിയത്. മൃഗസ്നേഹിയായ സെനിസിന്റെ ഷോപ്പിനകത്ത് തെരുവുനായകൾക്ക് വിശ്രമിക്കാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. പക്ഷേ പരുക്കേറ്റ തെരുവുനായ വിശ്രമ സ്ഥലം ഉപയോഗിക്കാതെ സഹായവും കാത്ത് വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നുവെന്ന് ദി ഡോഡോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

”അവൾ എന്നെ നോക്കുകയായിരുന്നു, ബേബി, നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ഞാൻ ചോദിച്ചു,” സെനിസ് പറഞ്ഞതായി ദി ഡോഡോ റിപ്പോർട്ട് ചെയ്യുന്നു. ഷോപ്പിൽ എത്തുമ്പോൾ അവളുടെ കൈപ്പത്തിയിലുണ്ടായ മുറിവിൽനിന്നും രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഞാൻ വൃത്തിയാക്കി മുരുന്നു പുരട്ടി. അതു കഴിഞ്ഞപ്പോൾ എന്നോട് നന്ദി പറയുന്നതുപോലെ അവൾ കിടന്നു. എന്നെ വിശ്വസിക്കുന്നുവെന്ന് അവൾ പറയുന്നതായി എനിക്ക് തോന്നിയെന്ന് സെനിസ് പറഞ്ഞു.

തെരുവുനായ കടയിലേക്ക് എത്തുന്നതും സഹായത്തിനായി കാത്തുനിൽക്കുന്നതും ഫാർമസിസ്റ്റ് അടുത്തേക്കെത്തി വൈദ്യസഹായം നൽകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുളളത്.

സെനിസിന്റെ മനുഷ്യത്വത്തെ പുകഴ്ത്തി നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook