ഫ്ലോറിഡ: ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജോലി അത്ര എളുപ്പം അല്ലെന്ന് നമുക്ക് അറിയാം. മറ്റുളളവരുടെ ജീവിതം സുരക്ഷിതമാക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുന്നവരാണ് അവര്‍. കുറ്റവാളികളെ നേരിടുന്നതിന് പുറമെ സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ എന്ത് ആശങ്കയും പരിഹരിക്കാന്‍ അവര്‍ തുനിഞ്ഞിറങ്ങും. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ലിയോണ്‍ കൗണ്ടിയിലെ പൊലീസ് സ്റ്റേഷനില്‍ വ്യത്യസ്തമായൊരു സഹായം തേടിയായിരുന്നു ഫോണ്‍ കോളെത്തിയത്.

വീട്ടിനടുത്ത് ഭീതി പടര്‍ത്തി പ്രത്യക്ഷപ്പെട്ട ഒരു അനാകോണ്ടയെ പിടികൂടണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു ഫോണ്‍ കോള്‍. കേട്ടപാതി കേള്‍ക്കാത്ത പാതി ഡിറ്റക്ടീവ് എമിലി ഷായും സഹപ്രവര്‍ത്തകനും സ്ഥലത്തേക്ക് വച്ചുപിടിച്ചു.

ചെന്നപ്പോള്‍ കണ്ടത് മഞ്ഞ നിറമുളള ഒമ്പത് അടി നീളമുളള ഒന്നാന്തരം അനാകോണ്ട. ആലോചിച്ച് നില്‍ക്കാതെ എമിലി പണി തുടങ്ങുകയും ചെയ്തു. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ വെറും കൈ കൊണ്ടാണ് നിമിഷ നേരം കൊണ്ട് എമിലി പാമ്പിനെ ബാഗിനകത്ത് ആക്കിയത്.

സഹപ്രവര്‍ത്തകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. ആരുടെയോ വളര്‍ത്തു പാമ്പാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരം കാര്യങ്ങളില്‍ ജനങ്ങൾ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും ലിയോണ്‍ കൗണ്ടി പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ