മദ്യം ഉൾപ്പെടയുള്ള ദ്രാവകങ്ങളുമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. നിശ്ചിത അളവിൽ കൂടുതൽ ദ്രാവകവുമായി യാത്ര ചെയ്യാനാവില്ല. അളവിൽ കൂടുതൽ മദ്യവുമായി യാത്രയ്ക്കായി ഒരാൾ വിമാനത്താവളത്തിലെത്തിയാൽ എന്തായിരിക്കും സംഭവിക്കുക?
സ്വാഭാവികമായും അധികം മദ്യവുമായി യാത്രചെയ്യാൻ പറ്റില്ലെന്ന് വിമാനത്താവള ജീവനക്കാർ പറയും. അങ്ങനെ തടഞ്ഞാൽ മദ്യം ഉപേക്ഷിച്ച് യാത്ര ചെയ്യേണ്ടി വരും. എന്നാൽ യുഎസിലെ ഒരു വിമാനത്താവളത്തിൽ അടുത്തിടെ നടന്ന കാര്യങ്ങൾ സ്വൽപ്പം വ്യത്യസ്തമായിരുന്നു.
ഫ്‌ളോറിഡയിലെ മിയാമിയിലേക്കു പോകുകയായിരുന്ന രണ്ടു യുവതികളോട് എയർപോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ മദ്യക്കുപ്പികൾ വിമാനത്തിൽ കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞു. എയർപോർട്ട് പ്രോട്ടോക്കോളുകൾ അനുസരിച്ച്, ബാഗേജിനുള്ളിൽ 100 മില്ലി മദ്യം മാത്രമാണ് അനുവദനീയം. യുവതികളുടെ പക്കലാണെങ്കിൽ ഒരോ ഫുൾ കുപ്പി വീതമുണ്ടായിരുന്നു. മദ്യം ഉപേക്ഷിക്കാൻ യുവതികൾക്കു മനസ് വന്നില്ല. അവർ മറ്റൊരു കാര്യം ചെയ്തു. അതിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാവുകയും ചെയ്തു.
കൈയിലുള്ള മദ്യം ഉപയോഗിച്ച് ചെറിയ പാർട്ടി നടത്താനായിരുന്നു യുവതികളുടെ തീരുമാനം. യാത്രയ്ക്കായി ചെക്ക് ഇൻ ചെയ്യാൻ വരിനിന്നിരുന്നവർക്കായിരുന്നു മദ്യവിതരണം. അതും സൗജന്യമായി.
മാലിബു പൈനാപ്പിൾ, സിറോക്ക് വോഡ്ക ഷോട്ടുകൾ നൽകിയത് യാത്രക്കാർക്ക് പുതുമയായിരുന്നു. കോവിഡ് കാലമാണെന്നതു വിസ്മരിച്ച് മാസ്ക് താഴ്ത്തിയാണു യാത്രക്കാർ പാർട്ടിയിൽ പങ്കെടുത്തത്.
“അവർ ഞങ്ങളെ ചെക്ക്-ഇൻ വഴി കുപ്പികൾ എടുക്കാൻ അനുവദിച്ചില്ല. അതിനാൽ ഞങ്ങൾ ക്യൂവിലുള്ള എല്ലാവർക്കും ഷോട്ടുകൾ നൽകി,” യുവതികളിലൊരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.
വൈറലായ ടിക് ടോക് വീഡിയോയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസൺസ് നൽകിയത്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയോട് പ്രതികരിച്ച ഒരു ഉപയോക്താവ് ചോദിച്ചത്, “ഇത് കോവിഡ് മാനദണ്ഡത്തിന്റെ പരിധിയിൽ വരുമോ,” എന്നാണ്.
മറ്റൊരു ഉപയോക്താവ് പറഞ്ഞത്, “അതിശയകരം, ഈ സമയത്തും ലോകത്ത് എന്തെങ്കിലും നല്ലത് അവശേഷിക്കുന്നുണ്ടെന്ന് ആളുകൾ ഇപ്പോൾ വിശ്വസിക്കും,” എന്നാണ്. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 74,000 പേരാണ് കണ്ടത്.
Also Read: ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ; പരിഹാസ പോസ്റ്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി