ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വേഷം ധരിച്ച് ഷോപ്പിംഗ് മാളിലെത്തിയ നടന്മാരെ കണ്ട് പേടിച്ചോടി ജനങ്ങള്‍. ഇറാനിയന്‍ ചിത്രമായ ദമാസ്കസ് ടൈംസിലെ നടന്മാരാണ് വ്യത്യസ്തമായ പ്രചരണ പരിപാടിയിലൂടെ ജനങ്ങളെ പേടിപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോകുന്ന പിതാവിന്റേയും മകന്റേയും കഥ പറയുന്ന ചിത്രത്തിലെ നടന്മാരാണ് ജനങ്ങളെ പേടിപ്പിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്റാനിലെ കൗറോഷ് മാളിലെത്തിയ സംഘം ഭീകരരുടെ വേഷം, തോക്കുകള്‍, വാളുകള്‍, കുതിരകള്‍ എന്നിവയ്ക്കൊപ്പമാണ് എത്തിയത്.

ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് താരങ്ങള്‍ എത്തിയതെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു. നടന്മാര്‍ ‘അളളാഹു അക്ബര്‍’ എന്ന് ഉറക്കെ അട്ടഹസിച്ച് വാളും തോക്കുമായി എത്തിയപ്പോള്‍ ഷോപ്പിംഗിന് എത്തിയ സ്ത്രീകളും കുട്ടികളും പേടിച്ച് നിലവിളിച്ചു. പ്രചരണത്തിന് എത്തിയ സിനിമാ സംഘത്തിന് കണക്കിന് വിമര്‍ശനം നേരിടേണ്ടി വന്നു. മാളിലുണ്ടായിരുന്നവര്‍ കൂട്ടത്തോടെ നടന്മാരുടെ പ്രവൃത്തിയെ കുറ്റപ്പെടുത്തി. കൂടാതെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ഉയര്‍ന്നു.

چطوری ایرانی

A post shared by pedram (@pedram_firuzi) on

ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭ്രാന്തമായ സിനിമാ പ്രചരണമാണ് ഇതെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് കണ്ട് കുട്ടികള്‍ക്ക് വല്ലതും സംഭവിച്ചിരുന്നെങ്കില്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നെന്ന് ചോദ്യം ഉയര്‍ന്നു. സംഭവം വിവാദമായതോടെ ചിത്രത്തിന്റെ സംവിധായകന്‍ ക്ഷമാപണം നടത്തി രംഗത്തെത്തി. തന്റെ അറിവോടെയല്ല ഈ പ്രചരണം നടന്നതെന്ന് ഇബ്രാഹിം ഹതാമികിയ പ്രസ്താവനയില്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook