scorecardresearch
Latest News

അമ്മേ, അച്ഛനെവിടെ?; താലികെട്ടുന്ന തിരക്കിൽ ചിരിവിരുന്ന് ഒരുക്കി വരൻ

ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷത്തില്‍ അച്ഛനെ ഓര്‍ക്കുകയും സാമീപ്യം ആഗ്രഹിക്കുകയും ചെയ്യുന്ന മകനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ

അമ്മേ, അച്ഛനെവിടെ?; താലികെട്ടുന്ന തിരക്കിൽ ചിരിവിരുന്ന് ഒരുക്കി വരൻ

കല്യാണത്തിന്റെ ഓര്‍മകള്‍ പലതാണ് പലര്‍ക്കും. ആഹ്ളാദകരമായ ആ നിമിഷങ്ങളില്‍ പ്രിയപ്പെട്ട എല്ലാവരും കൂടെ വേണമെന്നും അല്‍പ്പം ആര്‍ഭാടമാകാമെന്നും ചിന്തിക്കുന്നവരാണ് ഏറെയും.

ചിലരാകട്ടെ വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കുന്നവരാണ്. കല്യാണവേദിയില്‍ വരനും വധുവും നൃത്തം ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡുകളിലൊന്ന്. ഇത്തരം നിരവധി വിഡിയോകള്‍ നാം കണ്ടുകഴിഞ്ഞു. കോവിഡ് നിയന്ത്രണം മറികടക്കാൻ തമിഴ്നാട് സ്വദേശികൾ വിമാനത്തിൽ വിവാഹം നടത്തിയ വാർത്തയും അടുത്തിടെ പുറത്തു വന്നു.

ടെന്‍ഷനെത്തുടര്‍ന്നുള്ള അബദ്ധങ്ങളാണ് മറ്റു ചിലരുടെ വിവാഹ ഓര്‍മകളില്‍. മുഹൂര്‍ത്ത സമയം അടുക്കുമ്പോള്‍ ടെന്‍ഷന്‍ മൂലം കൈവിറച്ച് താലികെട്ടാന്‍ കഴിയാത്ത വരനും വരന്റെ മുഖത്ത് നോക്കാതെ മാലയണിയിക്കുന്ന വധുവും മകള്‍ അനുഗ്രഹം തേടേണ്ടതിനു പകരം തിരിച്ച് കാലുപിടിയ്ക്കുന്ന അമ്മയുമൊക്കെ പല തവണ വൈറല്‍ വീഡിയോ ആയി.

ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഈ വിവാഹക്കഥയിലെ നായകന്‍. താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന് അച്ഛനെ ഓര്‍ക്കുകയാണ് വരന്‍. തുടര്‍ന്ന് സദസിലേക്കു നോക്കി ‘അമ്മേ, അച്ഛനെവിടെ?’ എന്നായി ഉറക്കെയുള്ള ചോദ്യം. ഇതുകേട്ട് വധു ചിരിക്കുന്നതു വിഡിയോയില്‍ കാണാം. ഒപ്പം സദസില്‍നിന്ന് ചിരിശബ്ദവും ഉയരുന്നു.

Read More: ‘വിശ്വാസം വിലപ്പെട്ടതാണ് പ്രതീക്ഷയും;’ ചന്ദനയുടെ കത്തിന് മൊബൈൽ ഫോൺ മറുപടി നൽകി ജില്ലാ കലക്ടർ

ഇതിനിടെ സദസിലെവിടെയോ വരന്‍ അച്ഛനെ കണ്ടെത്തി ചെറു ചിരിയോടെ അച്ഛാ എന്നു വിളിച്ച് താലി ഉയര്‍ത്തിക്കാണിക്കുന്നു. തുടര്‍ന്നാണു വധുവിനു താലി ചാര്‍ത്തുന്നത്. മകന്റെ വിളി കേട്ട് അച്ഛൻ വേദിയിലേക്കു വരുന്നതായി വീഡിയോയിയിൽ കാണുന്നില്ല.

ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷത്തില്‍ അച്ഛനെ ഓര്‍ക്കുകയും സാമീപ്യം ആഗ്രഹിക്കുകയും ചെയ്യുന്ന മകന്റെ പ്രവൃത്തിക്ക് അഭിനന്ദനം നിറഞ്ഞിരിക്കുകയാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റ് ബോക്‌സില്‍. സന്തോഷം നിറഞ്ഞ മുഹൂര്‍ത്തമെന്നു ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ ആ അച്ഛനും മകനും നല്ല സുഹൃത്തുക്കളായിരിക്കുമെന്നാണ് ഒരാളുടെ കമന്റ്. അതാണ് സ്‌നേഹമെന്നും ഭാഗ്യവാന്മാരായ അച്ഛനും മകനുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

വരനും വധുവും പരികർമിയും ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് വിവാഹ വേദിയിലുളളത്. എന്നാൽ ഇവരാരും മാസ്ക് ധരിച്ചിട്ടില്ലാത്തതിനാൽ കോവിഡ് കാലത്തുള്ളതാണോ വിവാഹമെന്ന് വ്യക്തമല്ല. അതുപോലെ എവിടെ നടന്ന വിവാഹമാണെന്നതും വ്യക്തമല്ല.

Also Read: കയറില്‍ തൂങ്ങിയൊരു രക്ഷാപ്രർത്തനം, ദേഹത്ത് ചുറ്റി പാമ്പ്; തലയില്‍ കൈവച്ച് സോഷ്യല്‍ മീഡിയ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Vial video son searches for father before tying the knot