വാവ സുരേഷിന്റെ പാമ്പുപിടുത്തം കാണാൻ പലപ്പോഴും വലിയ ആൾക്കൂട്ടം തന്നെ തടിച്ചുകൂടാറുണ്ട്. അതിസാഹസികമായി പാമ്പുകളെ പിടിക്കുകയും അവയെ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വാവ സുരേഷിന് ഏറെ ആരാധകരാണ് ഉള്ളത്. തിരുവനന്തപുരം മേനംകുളത്തെ ഒരു വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയ വിവരം പങ്കു വയ്ക്കുകയാണ് വാവ സുരേഷ് ഇപ്പോൾ. അടുക്കളില്‍ പരുങ്ങിയിരുന്ന പാമ്പിനെ സമർത്ഥമായി പിടികൂടിയിരിക്കുകയാണ് വാവ സുരേഷ്.
പാമ്പുകളുമായുള്ള മൽപ്പിടുത്തത്തിന് ഇടയിൽ നിരവധി തവണ അപകടങ്ങൾ സംഭവിക്കുകയും ആശുപത്രിയിലാവുകയും ചെയ്തിട്ടുണ്ട് വാവ സുരേഷ്. മുപ്പതു വർഷമായി ഈ രംഗത്തെ നിറസാന്നിധ്യമാണ് വാവ സുരേഷ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 200ൽ അധികം രാജവെമ്പാലകൾ ഉൾപ്പെടെ അമ്പത്തി രണ്ടായിരത്തോളം പാമ്പുകളെയാണ് വാവ സുരേഷ് പിടിച്ചിരിക്കുന്നത്.
ഫാൻസിനോളം തന്നെ വിമർശകരും വാവ സുരേഷിനുണ്ട്. സുരേഷിന്റേത് അശാസ്ത്രീയമായ പാമ്പുപിടുത്ത രീതിയാണ് എന്ന രീതിയിലുള്ള ആക്ഷേപങ്ങളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നിട്ടുണ്ട്.ഇടയ്ക്കാലത്ത് ആരോപണങ്ങളിൽ മനസ്സുമടുത്ത് ഈ രംഗത്ത് നിന്നും വിരമിക്കുകയാണെന്ന് വാവ സുരേഷ് പ്രഖ്യാപിച്ചിരുന്നു.
“പാമ്പ് പിടിക്കുന്നതിൽ നിന്ന് എനിക്ക് ഒരു ലാഭവുമില്ല. പലപ്പോഴും ജീവൻ പണയം വെച്ചാണ് ഇത് ചെയ്യുന്നത്. നിരവധി തവണ പരിക്കേറ്റു, എന്നിട്ടും ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറിയിട്ടില്ല. പക്ഷേ കരുതിക്കൂട്ടിയെന്ന രീതിയിൽ തനിക്കെതിരെ ചിലർ നടത്തുന്ന രൂക്ഷവിമർശനങ്ങൾ മനസ്സു മടുപ്പിക്കുന്നു,” എന്നാണ് അന്ന് വാവ സുരേഷ് പറഞ്ഞത്. എന്നാൽ വിമർശനങ്ങൾക്കൊന്നും തളർത്താനാവാത്ത ബന്ധമാണ് വാവ സുരേഷും പാമ്പുകളും തമ്മിലുള്ളത്.
Read more: പുതിയ അതിഥി; 197ാമത് രാജവെമ്പാലയും വാവ സുരേഷിന് മുന്നിൽ പത്തി താഴ്ത്തി