തിരുവനന്തപുരം: അനായാസം കൈയ്യടക്കത്തോടെ നിസാരവും സുരക്ഷിതവുമായി പാമ്പിനെ പിടിക്കാന്‍ സാധിക്കുമൊ. എന്നാല്‍ ഇതിനെല്ലാം കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥയായ റോഷ്നി ജി. എസ്. തിരുവനന്തപുരം കട്ടാക്കടയില്‍ വച്ചാണ് റോഷ്നി പാമ്പിനെ പിടികൂടിയത്.
പറമ്പിലുണ്ടായിരുന്ന പാമ്പിനെ പിന്തുടര്ന്ന് വാലില്‍ പിടിച്ച് സമീപത്തുണ്ടായിരുന്ന കെട്ടിടത്തിന് സമീപം എത്തിച്ചു. പിന്നാലെ പാമ്പിനെ പിടികൂടിയകത്താക്കുന്ന തുണി ബാഗിലേക്ക് വളരെ കൈയ്യടക്കത്തോടെ കയറ്റുന്നു. കണ്ടു നിന്നവരാരും ഭയപ്പെടുന്നില്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കു വച്ചത്. അരലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
“കാട്ടാക്കടയിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് ഫോറസ്റ്റ് ജീവനക്കാരിയായ റോഷിനി പാമ്പിനെ പിടികൂടി. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ റോഷ്നി പരിശീലനം നേടിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുകളിൽ വനിതകളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്,” സധാ രാമന് ട്വിറ്ററില്‍ കുറിച്ചു.
വീഡിയോയ്ക്ക് ഇതിനോടകം തന്നെ വലിയ പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. വാവ സുരേഷിന് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലെത്തിയതിന് പിന്നാലെയായിരുന്നു റോഷ്നിയുടെ വീഡിയോ വൈറലായത്. വാവ സുരേഷ് ഈ വീഡിയോ കാണണമെന്നും ഇതുപോലെ വേണം പാമ്പിനെ പിടിക്കാനെന്നും ചിലര്‍ കമന്റ് ചെയ്തു.
Also Read: ഇനി മുന്‍കരുതലെടുക്കണമെന്ന് മന്ത്രി വാസവന്; സമ്മതിച്ച് വാവ സുരേഷ്