/indian-express-malayalam/media/media_files/uploads/2022/02/Vava-Suresh-Vasavan.jpg)
മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷ് സാധാരണ ആരോഗ്യനിലയിലെത്തിയതായുള്ള വാര്‍ത്ത അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി അറിയിച്ച ഡോക്ടര്‍മാര്‍, സുരേഷിനു പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നു രാവിലെ വ്യക്തമാക്കിയിരുന്നു.
സുരേഷിനെ ഇന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച മന്ത്രി വിഎന്‍ വാസവന്‍ രണ്ട് കാര്യങ്ങളാണു അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. രണ്ടും അനുസരിക്കാമെന്നു സുരേഷ് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഇനി കുറച്ചു കാലം വിശ്രമിക്കണമെന്നും വേണ്ട മുന്‍ കരുതല്‍ എടുത്തുവേണം ഇനി പാമ്പുകളെ പിടിക്കാനാമെന്നുമായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.
മന്ത്രിയെ കണ്ടു സംസാരിക്കണമെന്ന വാവ സുരേഷിന്റെ ആഗ്രഹപ്രകാരമാണു വാസവന്‍ ആശുപത്രിയിലെത്തിയത്. മെഡിക്കല്‍ കോളെജില്‍ നിന്ന് ഡോക്ടറുടെ ഫോണില്‍നിന്നായിരുന്നു മന്ത്രിക്കു വിളിയെത്തിയത്. ''വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണമെന്നു പറഞ്ഞു. ഇവിടെ വരെ എത്താന്‍ സാധിക്കുമോ?''എന്നായിരുന്നു ചോദ്യം. 'അതിനെന്താ, ആകാമല്ലോ,'' എന്നു മറുപടി പറഞ്ഞ മന്ത്രി അല്‍പ്പസമയത്തിനകം ആശുപത്രിയിലെത്തുകയായിരുന്നു.
Also Read: വാവ സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കി; തിങ്കളാഴ്ച ആശുപത്രി വിട്ടേക്കും
രാവിലെ കോട്ടയത്ത് സിപിഎം ഓഫീസിലെത്തിയപ്പോഴാണു മന്ത്രിയെ തേടി ഡോക്ടറുടെ ഫോണ്‍ വിളിയെത്തിയത്. ഓഫീസിലെ കാര്യങ്ങള്‍ കഴിഞ്ഞതോടെ മന്ത്രി ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും സുരേഷിന്റെ സഹോദരനും അവിടെയുണ്ടായിരുന്നു.
ഐസിയുവില്‍നിന്ന് മാറിയശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നുവെന്ന് സുരേഷ് പറഞ്ഞതായി മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചതായും അപകടമുണ്ടായ കാര്യമടക്കം എല്ലാം വിശദീകരിച്ചതായും മന്ത്രി കുറിപ്പില്‍ പറയുന്നു.
''ഇനി കുറച്ചു കാലം വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഞാന്‍ അറിയിച്ചു. അതുപോലെ വേണ്ട മുന്‍ കരുതലെടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാനെന്ന കാര്യവും ഓര്‍മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണമെന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്കു പോകാതിരിക്കാന്‍ പറ്റില്ല സാര്‍, ഒരു ഫോണ്‍ വിളി കാസര്‍കോട്ടുനിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും, ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല എന്ന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി.''
അതുപറ്റില്ല, ഇനി കുറച്ചുകാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം, അതൊക്കെ ശ്രദ്ധിക്കണമെന്നു പറഞ്ഞാണു മുറിയില്‍നിന്ന് മടങ്ങിയതെന്നും മന്ത്രി കുറിച്ചു.
പാലക്കാട്ടുനിന്നുള്ള ഒരു കുടുംബം വാവ സുരേഷിനെ കാണുന്നതിനായി ആശുപത്രിക്കു പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. അവര്‍ക്കു കാണണമെന്നു സെക്യൂരിറ്റി ജീവനക്കാര്‍ വന്നു പറഞ്ഞപ്പോള്‍ അവരുമായി സംസാരിച്ച ശേഷമാണ് അവിടെനിന്ന് മടങ്ങിയതെന്നും മന്ത്രിയുടെ കുറിപ്പിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.