ഉറങ്ങുമ്പോൾ പാമ്പുകടിയേറ്റാണ് ഈ മാസം നാലിന് മാങ്കോട് അംബേദ്കർ ഗ്രാമത്തിലെ ആദിത്യ എന്ന കൊച്ചു പെൺകുട്ടിക്ക് ജീവൻ നഷ്ടമായത്. സുരക്ഷിതമായി കിടന്നുറങ്ങാൻ അടച്ചുറപ്പുള്ളൊരു വീടുണ്ടായിരുന്നെങ്കിൽ ആദ്യത്യയുടെ ജീവൻ നഷ്ടമാകില്ലായിരുന്നു. ഒടുവിൽ ആദിത്യയുടെ കുടുംബത്തിന് വീട് നിർമിക്കാനുള്ള പണവുമായി രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, ഏത് പാമ്പിന്റേയും പത്തിമടക്കാൻ പ്രാപ്തിയുള്ള വാവ സുരേഷാണ്.

പ്രവാസി മലയാളികൾ തനിക്ക് വീട് നിർമിക്കുന്നതിനായി നൽകിയ പണം ഉപയോഗിച്ച് ഈ കുടുംബത്തിനു വീട് നിർമിച്ചു നൽകുകയാണു വാവ സുരേഷ്. 12 ലക്ഷം രൂപ ചെലവിൽ എല്ലാ സൗകര്യങ്ങളോടെയും നിർമിക്കുന്ന വീടിന്റെ കല്ലിടലും വാവ സുരേഷ് നിർവഹിച്ചു. ആദിത്യയുടെ പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിർമിക്കുന്നത്.

ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ വാവ സുരേഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

നമസ്കാരം..

അങ്ങനെ ഇന്ന് ഒരു കുടുംബത്തിന്റെ സ്വപ്നത്തിനു തിരി തെളിഞ്ഞു. പക്ഷെ അതിനു ഒരു കുരുന്നിന്റെ വിയോഗത്തിലൂടെയായി മാറേണ്ടി വന്നു. കുറച്ചു ദിവസങ്ങൾക്ക് മുന്നേ വീട്ടിൽ ഉറങ്ങി കിടന്ന 10 വയസുള്ള ആദിത്യ മോൾ പാമ്പ് കടിയേറ്റ് മരണപ്പെടുകയുണ്ടായി.

വീടിന്റെ സൗകര്യ കുറവും അടച്ചുറപ്പുള്ള വാതിലുകളും ഇല്ലാത്തതുകൊണ്ടു തന്നെയായിരുന്നു.
എന്തു പറഞ്ഞാലും ഈ കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിയില്ല, അവർക്കുണ്ടായ നഷ്ട്ടം നികത്താനും കഴിയില്ല. ഇനിയുള്ള ഒരു മോൾക്ക് കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ അവർക്ക് ഒരു അടച്ചുറപ്പുള്ള വീട് കിട്ടിയേ തീരു. ഈ കാര്യങ്ങൾ നിലനിർത്തി ഞാൻ ഇതിനു മുന്നേ ഒരു വീഡിയോ ചെയ്തിരുന്നു. അതിലൂടെ കുറച്ചു നന്മ മനസ്സുള്ള ദേശ വിദേശ മനുഷ്യസ്നേഹികൾ ആദിത്യ മോളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് കുറച്ചു സംഭാവന ചെയ്യുകയുണ്ടായി. ആ ചെറിയ തുകയും എനിക്ക് ഒരു വീട് ചെയ്ത് തരാമെന്ന് പറഞ്ഞ എന്റെ പ്രിയപ്പെട്ട പ്രവാസി മലയാളികളെയും മുൻനിർത്തി ആദിത്യ മോളുടെ ആത്മാവിനു പ്രണാമം പറഞ്ഞു കൊണ്ട് ഇന്ന് വീട് പണിക്ക് തറകല്ലിടാൻ കഴിഞ്ഞു.

ഇനി ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകാതെയിരിക്കാൻ ഇവരെ പോലെ അർഹിക്കുന്നവർക്ക് അംഗീകാരം കിട്ടണം. ഈ പുണ്യപ്രവർത്തനത്തിനു പങ്കാളികളായ എല്ലാ മനസ്സിനും എന്റെ ഒരായിരം നന്ദി.

നമസ്കാരം..

Read More: കല്യാണം മുടക്കിയതിന് പ്രതികാരം; അയ്യപ്പനും കോശിയും സ്റ്റൈലിൽ കട തകർത്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook