ചിങ്ങമാസത്തിലെ ആദ്യ അതിഥിയെ പരിചയപ്പെടുത്തി വാവ സുരേഷ്. അത് മറ്റാരുമായിരുന്നില്ല, ഒരു പെൺ രാജവെമ്പാലയായിരുന്നു. ആ 197ാമത് രാജവെമ്പാലയും വാവ സുരേഷിന് മുന്നിൽ പത്തിതാഴ്ത്തി എന്നത് മറ്റൊരു വസ്തുത. ഈ വിവരം വാവ സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ചു.
കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ കെ എൻ മണീന്ദ്രൻ നായരുടെ വീടിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. വീട്ടുകാർ കാണുമ്പോൾ കട്ടിലിനടിൽ പതുങ്ങിയിരിക്കുകയായിരുന്നു രാജവെമ്പാല.
മണീന്ദ്രൻ നായർ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ വാവ സുരേഷ് രാത്രി 7 മണിയോടു കൂടി പാമ്പിനെ പിടികൂടി. 14 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയായിരുന്നു ഇത്. പിടികൂടിയ പാമ്പിനെ രാത്രി 10 മണിയോടു കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആര്യങ്കാവ് വനത്തിൽ തുറന്നു വിട്ടു.
വാവ സുരേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നമസ്കാരം, പൊന്നുചിങ്ങമാസത്തിലെ പുതിയവർഷത്തിൽ എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ 197-മത്തെ പെൺ രാജവെമ്പാല അതിഥി. ഉദ്ദേശം 14 അടിയോളം നീളം ഉണ്ട്… വീടിനകത്തു പ്രായമായ ആൾകാർ കിടക്കുന്ന കട്ടിലിനടിയിൽ ആയിരുന്നു കണ്ടത്… കൊല്ലം ജില്ലയിൽ ആര്യങ്കാവ് കരയത്തൂര്മുത്തിൽ ശ്രീ ഭവനിൽ ശ്രീ കെ എൻ മണിന്ദ്രൻ നായർ അവറുകളുടെ വീട്ടിൽ നിന്നും രാത്രി 7 മണിയോടുകൂടി പിടികൂടുകയും.. രാത്രി 10 മണിയോടുകൂടി ആര്യങ്കാവ് ഫോറെസ്റ്റ് ഓഫീസർസിനൊപ്പo ഉള്ള് വനത്തിൽ വിടുകയായിരുന്നു…
വാവസുരേഷ്…..
Read More: ‘കുടത്തിലാക്കാന് പാമ്പുകള് ഏറെയുണ്ട് ബാക്കി’; പാമ്പു കടിയേറ്റെന്ന പ്രചരണങ്ങളെ തളളി വാവ സുരേഷ്
ഇതേ വരെ 50,000 ത്തോളം പാമ്പുകളെ വാവ സംരക്ഷിച്ചതായി കണക്കുകൾ പറയുന്നു. ജനമധ്യത്തിൽ പെട്ടു പോകുന്ന അപൂർവ്വ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള പല പ്രവൃത്തികളും ഇദ്ദേഹം നടത്തി വരുന്നു. പലവട്ടം സർപ്പ ദംശനമേറ്റിട്ടും വിദഗ്ദ്ധ ചികിത്സ നൽകി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. വിഷത്തിനെതിരായ ചില ആന്റിബോഡികൾ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം നാല് തവണ സുരേഷ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 266തോളം സർപ്പ ദശനങ്ങൾ അദ്ദേഹം അതിജീവിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു മൂർഖൻ കടിയേറ്റതിനെത്തുടർന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു.