നടി വനിത വിജയകുമാറും പീറ്റർ പോളും തമ്മിലുള്ള വിവാഹവും അതിനു പിന്നാലെ പീറ്ററിന്റെ മുൻഭാര്യ രംഗത്തു വന്നതുമെല്ലാം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവാഹത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ തന്റെ അഭിപ്രായവുമായി നടി ലക്ഷ്മി രാമകൃഷ്ൻ രംഗത്ത് വന്നിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപ്പെട്ട ലക്ഷ്മിയ്ക്ക് വനിത മറുപടിയും നൽകിയിരുന്നു. ഇതിന് ശേഷം പീറ്റർ പോളിന്റെ മുൻഭാര്യ എലിസബത്തുമായി ലക്ഷ്മി രാമകൃഷ്ണൻ നടത്തിയ അഭിമുഖവും വൈറലായിരുന്നു.

Read More: എന്റെ കാര്യം നോക്കാൻ എനിക്കറിയാം; ലക്ഷ്മി രാമകൃഷ്ണന് മറുപടിയുമായി വനിത

വനിതയേയും ലക്ഷ്മിയേയും ഉൾപ്പെടുത്തി ബിഹൈൻഡ്വുഡ്സിന്റെ യുട്യൂബ് ചാനൽ സംഘടിപ്പിച്ച അഭിമുഖമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ടെന്നും, എന്നാൽ വളരെ മാന്യമായി ഇത് പറഞ്ഞ് പരിഹരിക്കാം എന്നും പറഞ്ഞുകൊണ്ട്, ആദ്യം അവതാരകൻ ലക്ഷ്മിയോട് ചോദ്യം ചോദിച്ചപ്പോൾ വനിത ഇടപെടുകയും, താൻ ചർച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയ്ക്ക് പരസ്യമായി മറുപടി നൽകാനാണ് വന്നതെന്ന് പറയുകയും ചെയ്തു. പിന്നീട് ലക്ഷ്മിയെ സംസാരിക്കാൻ പോലും അനുവദിക്കാതെ വനിത അവരോട് ദേഷ്യപ്പെടുന്നത് വീഡിയോയിൽ കാണാം.

“രണ്ടുപേർക്കിടയിൽ നടന്ന സ്വകാര്യമായ ഒരു പ്രശ്നത്തിൽ പുറത്തു നിന്നുള്ള ഒരാൾക്ക് തോന്നിയതെന്തും പറയാമെന്നാണോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ? എവിടുത്തെ ജഡ്ജിയാണ്. വിവാഹപ്രശ്നങ്ങളിൽ ഇടപെടാൻ നിങ്ങൾക്കെന്ത് യോഗ്യതയാണ് ഉള്ളത്? ചാനലിൽ വന്നിരുന്ന് നിഷ്കളങ്കരായ ജനങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ ജീവിതം നശിപ്പിക്കുന്നു. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകർക്കരുത്,” വനിത പറയുന്നു.

അവതാരകൻ ക്ഷണിച്ചതുകൊണ്ടാണ് താൻ അഭിമുഖത്തിന് തയ്യാറായതെന്നും, മാന്യമല്ലാതെ സംസാരിക്കുന്നിടത്ത് ഇരിക്കാൻ തനിക്ക് താത്പര്യം ഇല്ലെന്നും ലക്ഷ്മി പറഞ്ഞു. എന്നാൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയാനല്ല, മറിച്ച് ലക്ഷ്മിയോട് രണ്ട് പറയാനാണ് താൻ വന്നതെന്ന് വനിതയും തിരിച്ചടിച്ചു.

അസഭ്യ വർഷം കൂടിയതോടെ ഈ സംഭാഷണം തുടരാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണൻ ഫോൺ കട്ട് ചെയ്ത് പോയി.

വിവാഹത്തിന് പിന്നാലെ ലക്ഷ്മി നടത്തിയ പ്രതികരണമാണ് വനിത വിജയകുമാറിനെ ചൊടിപ്പിച്ചത്.

“വിവാഹവാർത്ത ഇപ്പോഴാണ് കണ്ടത്. മുൻപ് തന്നെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായ ആൾ വിവാഹമോചിതനല്ല! ഞെട്ടിപ്പോയി. എന്തിനാണ് പ്രതികരിക്കാൻ അയാളുടെ ആദ്യഭാര്യ ഇത്രനാൾ കാത്തിരുന്നത്, അവർക്കത് തടയാമായിരുന്നില്ലേ?” എന്നായിരുന്നു ലക്ഷ്മിയുടെ ട്വീറ്റ്.

തന്റെ കാര്യം നോക്കാൻ തനിക്കറിയാമെന്നായിരുന്നു ലക്ഷ്മിക്ക് വനിതയുടെ മറുപടി. “രണ്ട് ആളുകൾ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ‌ അതിൽ‌ പങ്കാളിയല്ലാത്തിടത്തോളം ഇടപെടേണ്ടത് നിങ്ങളുടെ ബിസിനസ്സല്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാനും ഇടപെടുന്നില്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക, നിങ്ങളറിയാത്ത ഒരാളെ കുറിച്ച് ആശങ്കപെടാതിരിക്കുക.”

ജൂൺ 27നായിരുന്നു വനിതയും പീറ്റർ പോളും തമ്മിലുള്ള വിവാഹം. തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോളും വനിതയും ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമാണ് വിവാഹിതരായത്.

വിവാഹത്തിനു പിന്നാലെ പീറ്റർ പോളിനെതിരെ പരാതിയുമായി മുൻ ഭാര്യ എലിസബത്ത് ഹെലൻ രംഗത്തു വരികയായിരുന്നു. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്നാണ് എലിസബത്തിന്റെ ആരോപണം. പീറ്ററിനെതിരെ വടപ്പളനി പോലീസ് സ്റ്റേഷനിലാണ് എലിസബത്ത് പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി പിരിഞ്ഞു ജീവിക്കുന്ന പീറ്റർ പോളിനും എലിസബത്ത് ഹെലനും രണ്ടു കുട്ടികളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook