നവോത്ഥാനം ലക്ഷ്യമിട്ട് പുതുവത്സരപ്പിറവിയില്‍ തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ നീളുന്ന വനിതാ മതിൽ​ ഒരുങ്ങുമ്പോൾ വനിതാ മതിലിന് പിന്തുണ നൽകി സോഷ്യൽ മീഡിയയും സജീവമാണ്. നിരവധി പ്രചാരണ ഗാനങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ഏതാനും ചില വനിതാ മതിൽ പ്രചരണ വീഡിയോ ഗാനങ്ങൾ കാണാം.

വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. കാസർഗോഡ് മുതല്‍ വെള്ളയമ്പലം വരെ 620 കിലോമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ് ബുക്കിലെത്തിക്കാനാണ് ശ്രമം.

കാസർഗോഡ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പിബി അംഗം ഭൃന്ദ കാരാട്ട് അവസാന കണ്ണിയുമെന്ന നിലയ്ക്കാണ് മതില്‍. സാംസ്‌കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലില്‍ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരത്ത് മതിലിന്റെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിൽ 42 കിലോമീറ്ററാണ് വനിതാ മതിൽ നീളുക.

കാസർഗോഡ് ജില്ലയിൽ ഒരു ലക്ഷത്തോളം പേർ അണിനിരക്കുമെന്നാണ് സംഘാടകർ പറയുന്നത്. കാസർഗോഡ് ടൗൺ സ്ക്വയറിൽനിന്നാണ് വനിതാ മതിലിന്റെ ആദ്യ കണ്ണി. മന്ത്രി കെ.കെ.ശൈലജയാണ് ആദ്യ കണ്ണി. 44 കിലോമീറ്ററാണ് കാസർഗോഡ് വനിതാ മതിൽ നീളുക.

എറണാകുളം-തൃശ്ശൂർ അതിർത്തിയായ പൊങ്ങത്തുനിന്നും എറണാകുളം-ആലപ്പുഴ അതിർത്തിയായ അരൂർ വരെ 49 കിലോമീറ്ററാണ് വനിതാ മതിൽ ഉയരുക. എറണാകുളത്ത് ആദ്യ കണ്ണിയാവുന്നത് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ്. റിമ കല്ലിങ്കൽ, കെപിഎസി ലളിത തുടങ്ങിയ പ്രമുഖർ വനിതാ മതിലിൽ പങ്കെടുക്കുമെന്നാണ് വിവരം. മൂന്നു ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലയിൽ 76 കിലോമീറ്ററാണ് നീളുക. മൂന്നു ലക്ഷത്തോളം പേർ വനിതാ മതിലിൽ പങ്കാളികളാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ