ഒന്ന് കണ്ണടച്ചാൽ എല്ലാവരും പ്രിയ വാര്യരാകുമോ? അങ്ങിനെ കരുതരുത്. കണ്ണടയ്ക്കുന്നത് പലപ്പോഴും വലിയ വലിയ അപകടങ്ങളിലും കൊണ്ട് ചെന്ന് എത്തിക്കും. അത്തരമൊരു കണ്ണടയ്ക്കലിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് വഡോദര പൊലീസ്. അതും ഒറ്റ കണ്ണിറുക്കലിലൂടെ രാജ്യാന്തര പ്രസിദ്ധി നേടിയ പ്രിയ വാര്യരെ ചൂണ്ടിക്കാണിച്ച്.

വഡോദര സിറ്റി പൊലീസാണ് തങ്ങളുടെ പരസ്യ ബോർഡിൽ പ്രിയ വാര്യരുടെ കണ്ണിറുക്കൽ പതിച്ചിരിക്കുന്നത്. “ഒന്നു കണ്ണടച്ചാൽ അപകടം സംഭവിക്കും” എന്നാണ് പൊലീസ് ഇതോടൊപ്പം കുറിച്ചിരിക്കുന്നത്. സൂക്ഷിച്ച് വാഹനമോടിക്കാൻ നിർദേശിക്കുന്ന പരസ്യം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

സമാനമായ ഒട്ടേറെ പരസ്യങ്ങൾ വഡോദര ട്രാഫിക് പൊലീസ് തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ക്രിയേറ്റീവ് സ്ഥാപനമാണ് ഈ ആശയം വഡോദര സിറ്റി പൊലീസിന് മുൻപിൽ അവതരിപ്പിച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് സ്റ്റോറിയെന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിലൂടെയാണ് പ്രിയ പ്രകാശ് വാര്യർ ശ്രദ്ധിക്കപ്പെട്ടത്. ഈ ഗാനത്തിലെ പ്രിയ പ്രകാശ് വാര്യരുടെ രംഗം സമൂഹമാധ്യമങ്ങളിലാകെ വൈറലായിരുന്നു. വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും ഇത് ഹിറ്റായതോടെ പ്രിയ പ്രകാശ് വാര്യർ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടി.

എന്നാൽ ഗാനം മുസ്‌ലിം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഹൈദരാബാദിൽ പരാതി വന്നതോടെ ചർച്ചകൾക്കും ചൂടേറി. തെലങ്കാന പൊലീസാണ് ഗാന രംഗത്തിൽ അഭിനയിച്ച പ്രിയ വാര്യർക്കെതിരെയും സിനിമയുടെ സംഘാടകർക്ക് എതിരെയും കേസെടുത്തത്.

എന്നാൽ ഇതിനെതിരെ ഒമർ ലുലുവും പ്രിയ പ്രകാശ് വാര്യരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. പാട്ടിനെതിരെ ഒരിടത്തും കേസെടുക്കരുതെന്ന് നിർദേശിച്ച കോടതി ഹൈദരാബാദിൽ റജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ