വർഷങ്ങൾക്കു മുൻപുള്ള സിനിമകളിലെ കഥാപാത്രങ്ങൾ പിൽക്കാലത്ത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകാറുണ്ട്. ദശമൂലം ദാമു, മണവാളൻ തുടങ്ങിയ കഥാപാത്രങ്ങൾ അങ്ങനെ ഹിറ്റായവയാണ്. ഇപ്പോൾ ഇതാ ആ കൂട്ടത്തിലേക്ക് വാസു അണ്ണൻ കൂടി എത്തിയിരിക്കുന്നു.

ദശമൂലം ദാമുവും മണവാളനും മുഴുനീള ഹാസ്യകഥാപാത്രങ്ങൾ ആണെങ്കിൽ വാസു അണ്ണൻ അങ്ങനെ അല്ല. ഒന്നു ചിരിക്കുക പോലും ചെയ്യാത്ത അതിക്രൂരനായ വില്ലനാണ് വാസു അണ്ണൻ. ദിലീപ് ഇരട്ട വേഷത്തിലെത്തിയ ‘കുഞ്ഞിക്കൂനൻ’ എന്ന ചിത്രത്തിൽ വില്ലൻ വേഷമായ വാസു അണ്ണനെ അവതരിപ്പിച്ചത് സായ്‌കുമാറാണ്. ഈ കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

Read Also: ഹാപ്പി ബര്‍ത്ത്‌ഡേ ദശമൂലം ദാമു; ട്രോളന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി സുരാജ്

കുഞ്ഞിക്കൂനനിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച മന്യയെയും വാസു അണ്ണനെയും ചേർത്ത് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. വാസു അണ്ണൻ മന്യയുടെ കഥാപാത്രത്തെ വിവാഹം ചെയ്യുന്നതിൽ വരെ എത്തി കാര്യങ്ങൾ. എന്നാൽ, താനുമായി ബന്ധപ്പെട്ട ട്രോളുകൾക്ക് അതിലും രസകരമായി മറുപടി നൽകിയിരിക്കുകയാണ് നടി മന്യ.

തന്റെ ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രം മന്യ പങ്കുവച്ചു. വികാസ് ആണ് തന്റെ യഥാർഥ ഭർത്താവെന്നും വാസു അണ്ണനെ സൂക്ഷിക്കണമെന്നും മന്യ വളരെ സരസമായി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. വാസു അണ്ണനും താനുമായുള്ള ജോഡി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ കാര്യവും മന്യ ട്രോൾ രൂപത്തിൽ കുറിച്ചു.

 

View this post on Instagram

 

Vikas, my real hubby Beware of Vasu Anna Jodi is trending too much!!

A post shared by Manya (@manya_naidu) on

മന്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ട്രോളൻമാർക്കും ഏറെ ഇഷ്ടപ്പെട്ടു. മന്യ ട്രോളൻമാരെ കടത്തിവെട്ടിയെന്നാണ് പലരുടെയും അഭിപ്രായം.

വാസു അണ്ണനെയും മന്യയെയും ചേർത്ത് സോഷ്യൽ മീഡിയയിൽ വെെറലായ ട്രോളുകൾ

 ചിത്രത്തിൽക്കാണുന്നതാണ് വിഷയം. കുഞ്ഞിക്കൂനൻ സിനിമയിൽ വില്ലനായി വന്ന സായി കുമാറിന്റെയും അതിലെ നായികയായ മാന്യയുടെയും മീം വച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രോളുകൾ പ്രചരിക്കുകയാണ്‌

 വാസു അണ്ണൻ എന്ന സായികുമാർ കഥാപാത്രവും ആ ചിത്രത്തിലെ പ്രിയ എന്ന മന്യയുടെ കഥാപാത്രവും ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച തരത്തിൽ നടത്തിയ ഭാവനാ സൃഷ്‌ടിയാണ് ഈ ട്രോളുകൾ

2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ ന്യൂയോർക്കിലാണ് ഇവരുടെ താമസം. ജോക്കർ, സ്വപ്‌നക്കൂട്, വൺമാൻ ഷോ, അപരിചിതൻ, വക്കാലത്ത് നാരായണൻകുട്ടി തുടങ്ങിയ മലയാള സിനിമകളിലും മന്യ അഭിനയിച്ചിട്ടുണ്ട്.

ശശി ശങ്കർ സംവിധാനം ചെയ്‌ത കുഞ്ഞിക്കൂനന്റെ കഥയും തിരക്കഥയും ബെന്നി പി.നായരമ്പലത്തിന്റേതായിരുന്നു. ദിലീപ്, മന്യ, നവ്യ നായർ, കൊച്ചിൻ ഹനീഫ, സായ്‌കുമാർ, സ്ഫടികം ജോർജ്, സലിം കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയറ്ററുകളിലും വിജയമായിരുന്നു. 2002 ലാണ് സിനിമ പുറത്തിറങ്ങിയത്.

അതേസമയം, വാസു അണ്ണനെ നിഷ്കളങ്കനായി അവതരിപ്പിച്ചുള്ള ട്രോളുകൾ റേപ്പ് ജോക്കാണെന്ന വിമർശനവുമുയർന്നിട്ടുണ്ട്. സിനിമയിൽ മന്യയുടെ കഥാപാത്രത്തെ വാസു എന്ന കഥാപാത്രം പീഡിപ്പിക്കാൻ ശ്രമിക്കുകയും മന്യ മരിക്കുകയും ചെയ്യുന്നുണ്ട്. പീഡനത്തിനു ശ്രമിക്കുന്ന കഥാപാത്രത്തെ നിസാര ട്രോളായി ആഘോഷിക്കുന്നതിനെ നിരവധി പേർ വിമർശിച്ചിട്ടുമുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook