മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി പ്രിയദർശൻ ഒരുക്കിയ ചിത്രമാണ് ‘ബൂൽ ബുലയ്യ.’ അക്ഷയ് കുമാർ, രാജ്പാൽ യാദവ്, വിദ്യാബാലൻ തുടങ്ങിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിച്ചിത്രത്താഴിൽ ശോഭനയും ശ്രീധറും തകർത്താടിയ ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ഗാനം ഹിന്ദിയിലെത്തിയപ്പോൾ അത് ‘മേരീ ഡോൽനാ സുൻ ‘ ആയി മാറി. പ്രീതം ചക്രബർത്തി സംഗീതം നൽകിയ ഗാനം ശ്രേയ ഘോഷാലും എം ജി ശ്രീകുമാറും ചേർന്നാണ് ആലപിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനവധി ആരാധകരാണ് ഈ ഗാനത്തിനുള്ളത്. എന്നാൽ ഇപ്പോൾ ഇന്ത്യയും കടന്ന് അങ്ങ് ഉസ്ബാക്കിസ്ഥാൻ വരെയെത്തിയിരിക്കുകയാണ് ‘മേരീ ഡോൽനാ സുൻ’ എന്ന ഗാനം. ജിന്നിന്റെ പാട്ടുപെട്ടി എന്ന ഇൻസ്റ്റഗ്രാമിൽ പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ടു ചെറുപ്പക്കാർ നിന്ന് അനായാസമായി ഗാനം ആലപിക്കുന്നത് വീഡിയോയിൽ കാണാം.
എന്നാൽ ഇവിടുത്തെ പ്രത്യേകത എന്തെന്നാൽ ഇവർ ഇന്ത്യക്കാരല്ല മറിച്ച് ശാസ്ത്രീയ സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന ഉസ്ബാക്കിസ്ഥാൻ സ്വദേശികളാണ്. മൂന്നു ദിവസങ്ങൾക്കു മുൻപ് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് അഞ്ചു ലക്ഷത്തിലധികം ലൈക്കുകൾ നേടി കഴിഞ്ഞു.
മലയാളം അറിയുന്നവർ പാടുമോ ഇത്ര പെർഫെക്റ്റായിട്ട്,എഡിറ്റിംഗ് ആണെന്ന് ഒന്ന് തെറ്റി ധരിച്ചു പോയവർ ഇല്ലേ ഇവിടെ, രോമോഞ്ചം തോന്നുന്നു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
വീഡിയോയുടെ പൂർണ രൂപം ഇവിടെ കാണാം:
കാഖ്രമോൻ(Kakhramon), ഷഖ്നോസ(Shakhnoza) എന്നീ ചെറുപ്പക്കാരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹവാസ് ഗുരുവി എന്ന ഉസ്ബാക്കിസ്ഥാനി സംഗീത ഗ്രൂപ്പിലെ അംഗങ്ങളാണിവർ. ഇന്ത്യൻ ഗാനങ്ങൾ ആലപിക്കുന്ന എർമത്തോവ് കുടുംബത്തിലെ ഏഴു പേർ അടങ്ങിയതാണ് ഈ പോപ്പ് മ്യൂസിക്ക് സംഘം. റുസ്തം, മത്ലുബ എന്നീ ദമ്പതികളാണ് സംഘം ആരംഭിച്ചത്.